
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ എണ്ണവിതരണ കമ്പനിയായ നയാര എനർജി ഇന്ധനവില കുറച്ചു. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയുമാണ് കമ്പനി കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഉടനടി പ്രാബല്യത്തിൽ വന്നു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും വില കുറയ്ക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങൾക്ക് താല്കാലിക ശമനമുണ്ടായതാണ് ആഗോളതലത്തിൽ എണ്ണവില കുറയാൻ കാരണമായത്.
നേരത്തെ, പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ തുടക്കത്തിൽ നയാര എനർജി പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും വർദ്ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ അനുകൂല സാഹചര്യം കണക്കിലെടുത്ത് ഈ വർധിപ്പിച്ച തുകയാണ് ഇപ്പോൾ കമ്പനി പൂർണ്ണമായും പിൻവലിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് രാജ്യത്ത് ഒരു എണ്ണക്കമ്പനി ഇന്ധനവിലയിൽ ഇത്രയും വലിയ കുറവ് വരുത്തുന്നത്.
രാജ്യത്തുടനീളം ഏഴായിരത്തിലധികം പെട്രോൾ പമ്പുകളാണ് നയാര എനർജിക്കുള്ളത്. പ്രാദേശിക നികുതികൾക്ക് വിധേയമായി വിവിധ സംസ്ഥാനങ്ങളിലെ നയാര പമ്പുകളിൽ അന്തിമ വിലയിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. അതേസമയം, ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ നിലവിൽ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.
Nayara Energy reduces fuel prices; Petrol reduced by Rs 5 and diesel by Rs 3














