പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ പാലിക്കണമെന്ന് രാജ്യാന്തര കോടതി; അധികാരമില്ലാത്ത സമിതിയുടെ ഉത്തരവ് ചവറ്റുകൊട്ടയിലെന്ന് വ്യക്തമാക്കി ഇന്ത്യ

പാക്കിസ്ഥാനുമായി നദീജലം പങ്കിടാനുള്ള സിന്ധു നദീജല കരാർ ഇന്ത്യ പാലിക്കണമെന്ന് ഹേഗിലെ സ്ഥിരം രാജ്യാന്തര ആർബിട്രേഷൻ കോടതി. ജമ്മു-കശ്മീരിലെ ചെനാബ് നദിയിൽ നിർമിക്കുന്ന ററ്റ്‌ലെ ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കരാർ മരവിപ്പിച്ച കേന്ദ്ര സർക്കാർ നടപടി അത് താൽക്കാലികമായി റദ്ദാക്കാനുള്ള നീക്കമാണെന്നാണ് കോടതി വ്യാഖ്യാനിച്ചത്. എന്നാൽ അധികാരപരിധിയില്ലാത്തതും നിയമവിരുദ്ധമായി രൂപീകരിച്ചതുമായ സമിതിയുടെ നിർദേശങ്ങൾ അംഗീകരിക്കില്ലെന്ന കർശന നിലപാടിലാണ് ഇന്ത്യ.

പാക്കിസ്ഥാന്റെ ആവശ്യപ്രകാരം ലോകബാങ്ക് ഇത്തരമൊരു കോടതി രൂപീകരിച്ചത് സിന്ധു നദീജല കരാറിന്റെ ലംഘനമാണെന്ന് വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇത്തരം നിയമവിരുദ്ധ സമിതി മുൻപ് പുറപ്പെടുവിച്ച പ്രസ്താവനകളെ തള്ളിയതുപോലെ പുതിയ ഉത്തരവിനെയും തള്ളുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷന്റെ നിയമപരമായ നിലനിൽപ്പിനെ അംഗീകരിക്കാത്തതിനാൽ ഇന്ത്യ ഒരിക്കലും സമിതിക്ക് മുന്നിൽ ഹാജരായിട്ടുമില്ല. ഇന്ത്യയുടെ പരമാധികാരത്തിലുള്ള കാര്യങ്ങളിൽ വിധി പറയാൻ ഈ കോടതിക്ക് അധികാരമില്ലെന്നും ഇപ്പോഴത്തെയും ഭാവിയിലെയും ഉത്തരവുകൾ ഇന്ത്യയുടെ പദ്ധതികളെ ബാധിക്കില്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്. ഭീകരവാദവും ജലവിതരണ ചർച്ചകളും ഒന്നിച്ച് കൊണ്ടുപോകാനാകില്ലെന്നതാണ് ഇന്ത്യയുടെ വ്യക്തമായ നയം. 1960-ലെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും കരാർ കാലാനുസൃതമായി പരിഷ്കരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാക്കിസ്ഥാൻ സഹകരിച്ചിരുന്നില്ല. പാക്കിസ്ഥാന്റെ കൃഷിക്കും ജലസുരക്ഷയ്ക്കും നിർണായകമായ ഈ കരാറുമായി ബന്ധപ്പെട്ട് രാജ്യാന്തര വേദികളിൽ ഇന്ത്യക്കെതിരെ സമ്മർദ്ദം ചെലുത്താനാണ് ഇസ്ലാമാബാദ് ശ്രമിക്കുന്നത്.

Indus Waters Treaty: India Rejects Arbitral Tribunal Ruling Ordering Compliance With Pact

More Stories from this section

family-dental
witywide