ഇറാൻ യുദ്ധമാഗ്രഹിക്കുന്നില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും; നിലപാട് വ്യക്തമാക്കി പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. എന്നാൽ തങ്ങളെ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും അത് മേഖലയ്ക്ക് ഒട്ടും ഗുണകരമാകില്ലെന്നും ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ അദ്ദേഹം മുന്നറിയിപ്പ് നൽകി. ലറക് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്കും ജോർദാനിലെ രണ്ട് വ്യോമതാവളങ്ങളിൽ ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾക്കും പിന്നാലെയാണ് പെസെഷ്കിയാൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

ഹോർമൂസ് കടലിടുക്കിലെ ആധിപത്യത്തിനായുള്ള ബലപരീക്ഷണമാണ് മേഖലയിൽ വീണ്ടും യുദ്ധഭീതി സൃഷ്ടിച്ചിരിക്കുന്നത്. ഹോർമൂസിൽ മൈനുകൾ സ്ഥാപിക്കുന്ന കേന്ദ്രങ്ങളെയാണ് ലറക് ദ്വീപിൽ ലക്ഷ്യമിട്ടതെന്നാണ് അമേരിക്കയുടെ അവകാശവാദം. ഈ ആക്രമണത്തിൽ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു. ഇതിന് തിരിച്ചടിയായാണ് ജോർദാനിലെ കിങ് ഹുസൈൻ, അൽ അസറക് വ്യോമതാവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയത്. അതിനിടെ തങ്ങൾക്ക് നേരെയുണ്ടായ ആക്രമണശ്രമം തകർത്തതായും ഇതിന് ഉത്തരവാദി ഇറാനാണെന്നും യു.എ.ഇ വ്യക്തമാക്കി.

ചർച്ചകളിലൂടെ ഹോർമൂസ് ജലപാത തുറക്കാൻ വഴിയൊരുങ്ങുന്നതിനിടെയാണ് മേഖലയിൽ നാടകീയ നീക്കങ്ങളുണ്ടായത്. ഹോർമൂസ് തങ്ങൾ തുറന്നതായി അമേരിക്ക അവകാശപ്പെട്ടതോടെ ഇറാൻ ചർച്ചകളിൽ നിന്ന് പിന്തിരിയുകയായിരുന്നു. അതിനുപിന്നാലെ അമേരിക്കൻ സഹായത്തോടെ കടക്കാൻ ശ്രമിച്ച കൂറ്റൻ ടാങ്കർ മൈനിൽ തട്ടി തീപിടിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ എണ്ണ ഹബ്ബായ ഖർഗ് ദ്വീപ് തകർക്കുന്ന എ.ഐ വീഡിയോ ഡോണൾഡ് ട്രംപ് പങ്കുവെച്ചതും സംഘർഷത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

Iran Does Not Want War but Will Retaliate if Attacked: President Masoud Pezeshkian Warns Amid Escalating Tensions

More Stories from this section

family-dental
witywide