ന്യൂയോർക്ക്: 2011ൽ കത്തി ചൂണ്ടി യാത്രക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ ഗുർമീത് സിങ്ങിന്റെ യുഎസ് പൗരത്വം റദ്ദാക്കിയതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.
55കാരനായ ഗുർമീത് സിങ്ങിനെ 2014ലാണ് കേസിൽ കുറ്റക്കാരനായി കണ്ടെത്തിയത്. 2011 മേയിൽ വില്യംസ്ബർഗിൽ നിന്ന് ഈസ്റ്റ് വില്ലേജിലെ അപ്പാർട്ട്മെന്റിലേക്ക് യുവതിയെ കൊണ്ടുപോകുന്നതിനിടെ അവർ ടാക്സിയിൽ ഉറങ്ങിപ്പോയിരുന്നു. യുവതി ഉണർന്നപ്പോൾ സിങ് തന്റെ മുകളിൽ കത്തി കഴുത്തിൽ അമർത്തി നിൽക്കുന്നതാണ് കണ്ടത്. തുടർന്ന് യുവതിയെ കെട്ടിയിട്ട് വായ മൂടുകയും കണ്ണ് കെട്ടുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് ടാക്സിയിൽ നിന്ന് രക്ഷപ്പെട്ട യുവതി വഴിയാത്രക്കാരനോട് സഹായം തേടുകയായിരുന്നു.
പിന്നീട് സിങ് സ്വാഭാവിക പൗരത്വത്തിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ, പൗരത്വത്തിനായുള്ള നടപടികൾക്കിടെ സിങ് തന്റെ കുറ്റകൃത്യങ്ങൾ മറച്ചുവെച്ചതായും 2011 ഒക്ടോബർ 19ന് യുഎസ് പൗരത്വം നേടിയതായും നീതിന്യായ വകുപ്പ് വ്യക്തമാക്കി. ഗുരുതരമായ കുറ്റകൃത്യങ്ങൾ മറച്ചുവെച്ചാണ് സിങ് നിയമവിരുദ്ധമായി യുഎസ് പൗരത്വത്തിന്റെ ആനുകൂല്യങ്ങൾ നേടിയെടുത്തതെന്ന് നീതിന്യായ വകുപ്പിന്റെ സിവിൽ ഡിവിഷൻ അസിസ്റ്റന്റ് അറ്റോർണി ജനറൽ ബ്രെറ്റ് എ. ഷുമേറ്റ് പറഞ്ഞു.
1992 ഫെബ്രുവരിയിലാണ് സിങ് ആറ് മാസത്തെ താൽക്കാലിക സന്ദർശക വിസയിൽ ആദ്യമായി യുഎസിലെത്തിയത്. പിന്നീട് അനുമതിയില്ലാതെ വർഷങ്ങളോളം രാജ്യത്ത് തുടരുകയായിരുന്നു. കുടുംബത്തിന്റെ സ്പോൺസർഷിപ്പിലൂടെ ലഭിച്ച വിസാ അപേക്ഷയുടെ അടിസ്ഥാനത്തിൽ 2000 ജൂണിൽ സ്ഥിരതാമസാവകാശം നേടി. നിലവിൽ ന്യൂയോർക്കിലെ അൾസ്റ്റർ കൗണ്ടിയിലെ ഷാവാങ്കങ്ക് കറക്ഷണൽ ഫെസിലിറ്റിയിലാണ് സിങ് ശിക്ഷ അനുഭവിക്കുന്നത്. ‘സൺ ഓഫ് സാം’ എന്നറിയപ്പെട്ടിരുന്ന സീരിയൽ കൊലയാളി ഡേവിഡ് ബെർകോവിറ്റ്സും ഈ ജയിലിലാണുള്ളത്.
ബ്രൂക്ലിനിലെ ഫെഡറൽ ജഡ്ജി നിക്കോളാസ് ഗാരോഫിസ് കഴിഞ്ഞ ആഴ്ച ഉത്തരവിട്ടതനുസരിച്ച് സിങ് തന്റെ പൗരത്വ രേഖകൾ, നാച്ചുറലൈസേഷൻ സർട്ടിഫിക്കറ്റ്, യുഎസ് പാസ്‌പോർട്ട് എന്നിവ സെപ്റ്റംബർ 16നകം അധികൃതർക്ക് കൈമാറണം.
Indian-origin taxi driver Gurmeet Singh stripped of US citizenship 15 years after rape conviction












