ഗ്യാനേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി; മാധ്യമ വാർത്തകളിൽ മറുപടി തേടി ഇലക്ഷൻ കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെ അടിയന്തരമായി പദവിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. അതേസമയം, വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ, മറ്റ് രണ്ട് കമ്മീഷണർമാർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ട ഏതെങ്കിലും തീരുമാനം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാൽ അത് റദ്ദാക്കാൻ കോടതി മടിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വോട്ടർ രജിസ്ട്രേഷനുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരമില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.

തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ആവശ്യമായ നിയമഭേദഗതികൾ വരുത്താതെ, സോഫ്റ്റ്‌വെയറിലൂടെ വോട്ടർമാരുടെ കുടുംബപാരമ്പര്യ വിവരങ്ങളും മുൻ എസ്‌.ഐ.ആർ രേഖകളും നിർബന്ധമാക്കിയതാണ് ഹർജിക്ക് കാരണമായ പ്രധാന തർക്കവിഷയം. സമർപ്പിക്കപ്പെട്ട രേഖകൾ പരിശോധിച്ച് ഫോമിൽ മാറ്റം വരുത്തിയത് ആരാണെന്ന് കോടതി കണ്ടെത്തുമെന്നും, എന്നാൽ ഹർജിയിലെ ആവശ്യങ്ങൾ വ്യക്തതയില്ലാതെ കൂട്ടിക്കുഴച്ച രീതിയിലാണ് ഉള്ളതെന്നും കോടതി നിരീക്ഷിച്ചു.

മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ ഇരുട്ടിൽ നിർത്തി ചീഫ് ഇലക്ഷൻ കമ്മീഷണർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നു എന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. കഴിഞ്ഞ 10 മാസത്തിനിടെ തങ്ങളുടെ അറിവോ ശുപാർശയോ ഇല്ലാതെ പുറപ്പെടുവിച്ച ഉത്തരവുകളിൽ കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയതായി വാർത്തകളിൽ ഉണ്ടായിരുന്നു.

“കമ്മീഷൻ ഐകകണ്ഠ്യേന തീരുമാനങ്ങൾ എടുക്കുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ഭൂരിപക്ഷ അടിസ്ഥാനത്തിൽ വേണം തീരുമാനമെടുക്കാൻ. നിലവിൽ മാധ്യമ റിപ്പോർട്ടുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഹർജിക്കാർ എത്തിയിരിക്കുന്നത്. വാർത്തകൾ പൂർണ്ണമായോ ഭാഗികമായോ ശരിയായിരിക്കാം. എന്തായാലും ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക മറുപടി അറിഞ്ഞ ശേഷം തുടർനടപടികളിലേക്ക് കടക്കാം,” എന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് നൽകാൻ വിസമ്മതിച്ചത്.

Supreme Court rejects plea to suspend Gyanesh Kumar; issues notice to Election Commission seeking response regarding media reports.

More Stories from this section

family-dental
witywide