ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രങ്ങളിൽ നിന്നുള്ള ഹേബിയസ് കോർപ്പസ് ഹർജികൾ കുതിച്ചുയരുന്നു; കേസുകൾ വാദിക്കാൻ സിവിൽ അഭിഭാഷകരെ നിയോഗിച്ച് യുഎസ് നീതിന്യായ വകുപ്പ്

വാഷിംഗ്ടൺ: അമേരിക്കയിലെ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്നവർ സമർപ്പിക്കുന്ന കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ, ട്രംപ് ഭരണകൂടത്തെ പ്രതിരോധിക്കാൻ സിവിൽ വ്യവഹാര വിഭാഗങ്ങളിലെ അഭിഭാഷകരുടെ സഹായം തേടി യുഎസ് നീതിന്യായ വകുപ്പ്. സി.ബി.എസ് ന്യൂസിന് ലഭിച്ച നവംബർ 24-ലെ മെമ്മോ പ്രകാരം, 2025 ജനുവരി മുതൽ ഇതുവരെ 97,000-ത്തിലധികം തടവുകാരാണ് തങ്ങളുടെ തടങ്കൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹേബിയസ് കോർപ്പസ് ഹർജികൾ ഫയൽ ചെയ്തിരിക്കുന്നത്. 2026 ഒക്ടോബറിൽ മാത്രം ഏകദേശം 10,000 പുതിയ ഹർജികളാണ് എത്തിയത്.

ട്രംപിന്റെ രണ്ടാം ഭരണകൂടം അധികാരമേൽക്കുന്നതിന് മുൻപ്, ഒരു വർഷം മുഴുവൻ ഫയൽ ചെയ്യപ്പെടുന്ന ഇത്തരം കേസുകളുടെ എണ്ണം ഏതാനും നൂറുകൾ മാത്രമായിരുന്നു. എന്നാൽ, റെക്കോർഡ് എണ്ണം ആളുകളെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് തടങ്കലിലാക്കുകയും ജാമ്യത്തിൽ പുറത്തിറങ്ങാനുള്ള വഴികൾ അടയ്ക്കുകയും ചെയ്തതോടെയാണ് കേസുകൾ കുതിച്ചുയർന്നത്. നിലവിൽ ഈ കേസുകൾ കൈകാര്യം ചെയ്യുന്ന യു.എസ് അറ്റോർണി ഓഫീസുകൾ കടുത്ത സമ്മർദ്ദത്തിലാണെന്ന് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് മെമ്മോയിൽ വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ ആന്റിട്രസ്റ്റ്, സിവിൽ, സിവിൽ റൈറ്റ്‌സ്, പരിസ്ഥിതി-പ്രകൃതി വിഭവ വിഭാഗങ്ങൾ, യു.എസ് ട്രസ്റ്റീസ് പ്രോഗ്രാം എന്നിവയുൾപ്പെടെയുള്ള വിഭാഗങ്ങളിലെ ഏകദേശം 2,000-ത്തോളം സിവിൽ അഭിഭാഷകരോട് ഇമിഗ്രേഷൻ കേസുകളിൽ സഹായിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അറ്റോർണി ജനറൽ, ഡെപ്യൂട്ടി അറ്റോർണി ജനറൽ എന്നിവരുടെ ഓഫീസുകളിലെ അഭിഭാഷകരും അധിക കേസുകൾ ഏറ്റെടുക്കും.

ഹർജികളിൽ ഭൂരിഭാഗവും അടിസ്ഥാനരഹിതമാണെന്നും, അമേരിക്കൻ ജനതയുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്ന പ്രസിഡന്റ് ട്രംപിന്റെ വാഗ്ദാനത്തെ അട്ടിമറിക്കാൻ ഇമിഗ്രേഷൻ അഭിഭാഷകർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഹർജികൾ ഇത്രയധികം വർദ്ധിച്ചതെന്നും ടോഡ് ബ്ലാഞ്ച് ആരോപിച്ചു. അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികളുടെ ഭാഗമായി തടവിലാക്കപ്പെടുന്നവരുടെ ഹേബിയസ് കോർപ്പസ് അവകാശം താൽക്കാലികമായി റദ്ദാക്കണമെന്ന നിർദ്ദേശം വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ കഴിഞ്ഞ വർഷം മുന്നോട്ടുവെച്ചിരുന്നെങ്കിലും, കടുത്ത നിയമപോരാട്ടങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ ഭരണകൂടം ആ നീക്കവുമായി മുന്നോട്ട് പോയിരുന്നില്ല.

More Stories from this section

family-dental
witywide