
ഷിക്കാഗോ: അമേരിക്കയിലെ താങ്ക്സ്ഗിവിങ് ആഘോഷങ്ങളുടെ ഭാഗമായി ചിക്കാഗോയിൽ
നടക്കുന്ന 92-ാമത് വാർ্ষിക താങ്ക്സ്ഗിവിങ് പരേഡ് നവംബർ 26 വ്യാഴാഴ്ച
നടക്കും. പരേഡിന് മുന്നോടിയായി ഡൗൺടൗൺ ചിക്കാഗോയിലെ വിവിധ റോഡുകളിൽ
ബുധനാഴ്ച മുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
വ്യാഴാഴ്ച രാവിലെ 7.45ന് ഐഡാ ബി. വെൽസ് ഡ്രൈവിന്റെയും സ്റ്റേറ്റ്
സ്ട്രീറ്റിന്റെയും കവലയിൽനിന്ന് ആരംഭിക്കുന്ന പരേഡ് സ്റ്റേറ്റ്
സ്ട്രീറ്റിലൂടെ വടക്കോട്ട് സഞ്ചരിച്ച് റാൻഡോൾഫ് സ്ട്രീറ്റിൽ സമാപിക്കും.
രാവിലെ പത്തുമണിവരെയാണ് ആഘോഷ പരിപാടികൾ.
ചിക്കാഗോ ബെയേഴ്സിന്റെ മുൻ താരമായ ചാൾസ് ‘പീനട്ട്’ ടിൽമാനാണ് ഇത്തവണ
പരേഡിന് ഗ്രാൻഡ് മാർഷലായി നേതൃത്വം നൽകുന്നത്. മൂവായിരത്തിലധികം
കലാകാരന്മാരും വിവിധ സംഘങ്ങളിലെ അംഗങ്ങളും പങ്കെടുക്കുന്ന പരേഡ് നേരിൽ
കാണാൻ 20,000ത്തിലധികം ആളുകൾ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഭീമാകാരമായ ബലൂണുകൾ, അലങ്കരിച്ച ഫ്ലോട്ടുകൾ, മാർച്ചിങ് ബാൻഡുകൾ,
നൃത്തപരിപാടികൾ, കുതിരപ്പട എന്നിവ പരേഡിന് മാറ്റുകൂട്ടും. ഇത്തവണ
പ്രത്യേകം രൂപകൽപ്പന ചെയ്ത പുതിയ ഫ്ലോട്ടിലായിരിക്കും സാന്താക്ലോസിന്റെ
വരവ്.
പരേഡിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ബുധനാഴ്ച രാവിലെ പത്തുമണി മുതൽ
വാഷിങ്ടൺ സ്ട്രീറ്റിനും റാൻഡോൾഫ് സ്ട്രീറ്റിനും ഇടയിലുള്ള സ്റ്റേറ്റ്
സ്ട്രീറ്റ് അടച്ചിടും. വ്യാഴാഴ്ച പുലർച്ചെ നാലുമണി മുതൽ കൂടുതൽ റോഡുകളിൽ
ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരും. പ്രധാന പരേഡ് പാതയിൽ രാവിലെ ആറുമണി
മുതൽ പതിനൊന്നുമണി വരെ വാഹനഗതാഗതം അനുവദിക്കില്ല. ഉച്ചയ്ക്ക് ഒരുമണിയോടെ
നിയന്ത്രണങ്ങൾ അവസാനിക്കും.
ഡൗൺടൗണിലേക്ക് എത്തുന്നവർ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത
സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദേശിക്കുന്നു.
പരേഡിനെത്തുടർന്ന് നിരവധി CTA ബസ് സർവീസുകളുടെ റൂട്ടുകളിലും താൽക്കാലിക
മാറ്റങ്ങളുണ്ടാകും.
പരേഡ് പൊതുജനങ്ങൾക്ക് സൗജന്യമായി നേരിൽ കാണാം. രാവിലെ എട്ടുമണി മുതൽ
പത്തുമണി വരെ CBS Chicago പരേഡ് തത്സമയം സംപ്രേഷണം ചെയ്യും. Paramount+,
Pluto TV, CBS Chicago യൂട്യൂബ് ചാനൽ എന്നിവയിലൂടെയും പരിപാടികൾ തത്സമയം
കാണാം.
1934ൽ ആരംഭിച്ച ചിക്കാഗോ താങ്ക്സ്ഗിവിങ് പരേഡ് നഗരത്തിലെ ഏറ്റവും
പഴക്കമേറിയ ആഘോഷ പാരമ്പര്യങ്ങളിലൊന്നാണ്. ക്രിസ്മസ് ആഘോഷങ്ങൾക്ക്
വരവേൽപ്പ് നൽകുന്ന വർണാഭമായ കാഴ്ചയായി ഇത്തവണയും പരേഡ് മാറും.














