ടെഹ്റാൻ: അമേരിക്കയും ഇറാനും പശ്ചിമേഷ്യൻ സംഘർഷത്തിൽ സമാധാന കരാറിലേക്കെന്ന് റിപ്പോർട്ട്. കരാർ പ്രകാരം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം 30 ദിവസത്തിനുള്ളിൽ യുദ്ധത്തിന്റെ മുൻപുള്ള സ്ഥിതിയിലേക്ക് തിരിച്ചെത്തുമെന്ന് ഇറാന്റെ വാർത്താ ഏജൻസിയായ ‘തസിം’ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനും അമേരിക്കയും തമ്മിൽ കരാർ സംബന്ധിച്ചുള്ള ചർച്ചകൾ തുടരുന്നതായാണ് റിപ്പോർട്ടിലുള്ളത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറനുസരിച്ച് 30 ദിവസത്തിനുള്ളിൽ ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം സാധാരണനിലയിലെത്തും. മാത്രമല്ല, ഇക്കാലയളവിനുള്ളിൽ അമേരിക്കയുടെ നാവിക ഉപരോവും പൂർണമായും ഒഴിവാക്കും. ഇറാൻ്റെ മരവിപ്പിച്ച വിദേശ ഫണ്ടുകളിൽ ഒരുഭാഗം വിട്ടുകൊടുക്കാനും കരാറിൽ നിർദേശമുണ്ടെന്നും തസ്‌നീം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഇന്ത്യയിൽ സന്ദർശനം തുടരുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ നല്ലവാർത്തകൾക്കുള്ള സാധ്യതയുണ്ടെന്ന് നേരത്തേ പറഞ്ഞിരുന്നു. ചർച്ചകളിൽ ചില പുരോഗതികളുണ്ടായിട്ടുണ്ടെന്നും എന്നാൽ അന്തിമമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. മാർക്കോ റൂബിയോയുടെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറിലേക്കെത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
Iran and US reach agreement; Traffic through Hormuz will be restored within 30 days, sanctions will be lifted









