
കാപ്പാ തടവുകാരനായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് ജയിലിനുള്ളിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കുമോ എന്ന് ഹൈക്കോടതി. വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനായി കാപ്പ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി സർക്കാരിനോട് ഈ ചോദ്യം ഉന്നയിച്ചത്. എന്നാൽ കാപ്പ തടവിൽ കഴിയുന്ന സുഗതനെ മോചിപ്പിക്കാൻ നിയമപരമായി കഴിയില്ലെന്ന് വ്യക്തമാക്കിയ സർക്കാർ, ജയിലിലെ സത്യപ്രതിജ്ഞാ സാധ്യതയെക്കുറിച്ചുള്ള കാര്യങ്ങളിൽ തിങ്കളാഴ്ച മറുപടി നൽകാമെന്ന് കോടതിയെ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സുഗതൻ ഉൾപ്പെടെയുള്ളവരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി നേരത്തെ അസാധുവാക്കിയിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെല്ലാം വീണ്ടും സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തിലാണ് വാർഡ് 20 ലെ കൗൺസിലറായ സുഗതൻ നിയമസഹായം തേടി കോടതിയെ സമീപിച്ചത്.
നെടുമങ്ങാട് കോടതി രണ്ട് കേസുകളിൽ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കാപ്പാ കേസിൽ നിന്ന് ജയിൽ മോചിതനായാൽ മാത്രമേ ഈ ജാമ്യം ബാധകമാകൂ എന്ന് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജയിൽ മോചനം തേടി സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്.
ഗുരുതരമായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗതനെ ഈ കേസുകളെല്ലാം നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർഥിയാക്കിയത്. 2019-ൽ കല്ലുകൊണ്ട് തലയ്ക്കടിച്ച് മനഃപൂർവ്വമല്ലാത്ത നരഹത്യാശ്രമം നടത്തിയ കേസ്, 2023-ൽ വീട് കയറി വാഹനങ്ങളും വസ്തുക്കളും തകർത്ത കേസ്, പകതീർക്കാൻ വീട്ടമ്മയെ ആക്രമിച്ച കേസ് എന്നിവ ഇയാൾക്കെതിരെയുണ്ട്. ഇതുകൂടാതെ 2025-ൽ ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ചതിനും സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയതിനും സുഗതനെതിരെ കേസെടുത്തിരുന്നു. 2026 ഫെബ്രുവരിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന അന്നത്തെ എംഎൽഎ വി.കെ. പ്രശാന്തിന്റെ പരാതിയിലെ കേസിലും ഇയാൾ പ്രതിയാണ്.
High Court Asks Government if Jailed BJP Councilor R Sugathan Can Take Oath inside Prison













