മാസങ്ങളോളം നീണ്ട യുഎസ്-ഇസ്രയേൽ വ്യോമാക്രമണങ്ങൾക്കിടയിലും പ്രതിമാസം 50 ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാൻ ഇറാന് ശേഷിയുണ്ടെന്ന് റിപ്പോർട്ട്. യുദ്ധത്തിന് മുൻപുണ്ടായിരുന്ന ഉൽപാദനശേഷിയുടെ പകുതിയാണിത്. പാശ്ചാത്യ രഹസ്യാന്വേഷണ റിപ്പോർട്ടിനെ ഉദ്ധരിച്ച് ബ്ലൂംബെർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാന്റെ മിസൈൽ ശേഖരവും ആയുധങ്ങൾ പുനർനിർമിക്കാനുള്ള ശേഷിയും തകർത്തെന്നാണ് അമേരിക്ക നേരത്തെ അവകാശപ്പെട്ടിരുന്നത്. ഇറാന്റെ നാവികസേനയും വ്യോമസേനയും സൈനിക അടിസ്ഥാന സൗകര്യങ്ങളും നശിപ്പിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചിരുന്നു.
രാജ്യത്തിന്റെ വ്യാവസായിക അടിത്തറയുടെ 80 ശതമാനവും തകർത്തതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും അവകാശപ്പെട്ടു. എന്നാൽ ഇറാന്റെ പക്കൽ ഇപ്പോഴും കുറഞ്ഞത് 1,700 ബാലിസ്റ്റിക് മിസൈലുകളെങ്കിലും ശേഷിക്കുന്നുണ്ടെന്നാണ് പാശ്ചാത്യ രഹസ്യാന്വേഷണ വിലയിരുത്തൽ. യുദ്ധത്തിന് മുൻപുണ്ടായിരുന്ന വേഗത്തിന്റെ പകുതിയോളം നിരക്കിൽ മിസൈൽ നിർമാണം തുടരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ ഭൂഗർഭ ‘മിസൈൽ നഗരം’ തുറന്നതിന്റെ ദൃശ്യങ്ങളും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി) പുറത്തുവിട്ടു.
ഭാവിയിൽ യുദ്ധമുണ്ടായാൽ അപ്രതീക്ഷിത നീക്കങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി പുറത്തുവരുമെന്ന് സൈനിക മേധാവി ജനറൽ അലി അബ്ദുള്ളാഹി സൈനികരോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ആയിരക്കണക്കിന് ഷഹീദ് ആക്രമണ ഡ്രോണുകളും ഇറാന്റെ പക്കൽ ശേഷിക്കുന്നുണ്ടാകാമെന്ന് മുൻ സിഐഎ അനലിസ്റ്റ് ജിം ലാംസൺ പറഞ്ഞു. ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചതിനുശേഷം 4,900ലേറെ ഷഹീദ് ഡ്രോണുകളും കുറഞ്ഞത് 2,200 ബാലിസ്റ്റിക് മിസൈലുകളും ഇറാൻ വിക്ഷേപിച്ചതായാണ് ബ്ലൂംബെർഗ് ഇക്കണോമിക്സിന്റെ കണക്ക്. ഇറാന് റഷ്യ ആക്രമണായുധങ്ങൾ നൽകുന്നുണ്ടെന്നും പാശ്ചാത്യ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇറാനെതിരെ കൂടുതൽ സൈനിക നടപടി ഉണ്ടാകില്ലെന്ന് ട്രംപ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു പ്രഖ്യാപനം. “സൈനികമായി ഇറാൻ ഫലത്തിൽ അവസാനിച്ചുകഴിഞ്ഞു. നിലവിലെ സ്ഥിതി തുടരുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്,” ട്രംപ് പറഞ്ഞു. എന്നാൽ ഇറാനെതിരായ ഉപരോധം തുടരുകയാണ്. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമുണ്ടാക്കുന്നതിനിടെ വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണങ്ങളും ഇറാൻ തുടരുന്നു.ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനും ഇറാൻ ഏഴ് നിബന്ധനകൾ മുന്നോട്ടുവച്ചിട്ടുണ്ട്.
ആവശ്യങ്ങളിൽ അമേരിക്കയുടെ ഔദ്യോഗിക മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പറഞ്ഞു. നിബന്ധനകൾ വ്യക്തമാക്കി അമേരിക്കയ്ക്ക് മറുപടി നൽകിയിട്ടുണ്ടെങ്കിലും കൃത്യമായ പ്രതികരണം ലഭിച്ചിട്ടില്ലെന്ന് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.ഇനി പന്ത് അമേരിക്കയുടെ കോർട്ടിലാണ്. അവർ തീരുമാനമെടുത്ത് പ്രഖ്യാപിക്കണമെന്നും ഖാലിബാഫ് പറഞ്ഞു. ഇറാനെതിരെ വീണ്ടും സൈനിക നടപടി ആരംഭിക്കാൻ ട്രംപ് തീരുമാനിച്ചാൽ അമേരിക്കയ്ക്ക് മറ്റൊരു പരാജയം കൂടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Iran can produce 50 ballistic missiles a month, half of its pre-war capacity: Report














