
ആങ്കറേജ് (അലാസ്ക): ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് ശേഷം നിർത്താതെ പോയ സംഭവത്തിൽ ഹോളിവുഡ് അഭിനേതാക്കളായ വിർജീനിയ മാഡ്സന്റെയും അന്റോണിയോ സബാറ്റോ ജൂനിയറിന്റെയും മകൻ അറസ്റ്റിലായി. ജാക്ക് അന്റോണിയോ സബാറ്റോയെ (32) ആണ് തിങ്കളാഴ്ച അലാസ്കയിലെ ആങ്കറേജിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
അപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാതെ കടന്നുകളഞ്ഞതിന് ഗുരുതരമായ കുറ്റവും, മരണത്തിനിടയാക്കിയ അപകടസ്ഥലത്ത് നിന്ന് പോയതിന് ലഘുവായ കുറ്റവുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ ജയിലിൽ കഴിയുന്ന പ്രതിയെ വ്യാഴാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും.
നവംബർ ഒൻപതിന് പുലർച്ചെ 5:48-ഓടെയാണ് ആങ്കറേജിലെ ഒരു കവലയിൽ 42-കാരനായ കാൾ സിമ്മണ്ട്സിനെ അബോധാവസ്ഥയിൽ പൊലീസ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇദ്ദേഹം മരിച്ചിരുന്നു. അജ്ഞാത വാഹനം ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അപകടമുണ്ടാക്കിയെന്ന് കരുതുന്ന ‘ഷെവർലെ ടാഹോ’ വാഹനം കണ്ടെത്തുകയും, വാഹനം ഓടിച്ചിരുന്ന ജാക്ക് സബാറ്റോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവത്തിൽ പ്രതികരണവുമായി പിതാവ് അന്റോണിയോ സബാറ്റോ ജൂനിയർ രംഗത്തെത്തി. “അത്യന്തം വൈകാരികവും വ്യക്തിപരവുമായ ഒരു പ്രതിസന്ധിയിലൂടെയാണ് കുടുംബം ഇപ്പോൾ കടന്നുപോകുന്നത്. ദാരുണമായി ജീവൻ നഷ്ടപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. എല്ലാവരുടെയും സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു,” അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. എന്നാൽ നടി വിർജീനിയ മാഡ്സന്റെ പ്രതിനിധികൾ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘സൈഡ്വേയ്സ്’ എന്ന ചിത്രത്തിലൂടെ ഓസ്കാർ നാമനിർദ്ദേശം നേടിയ നടിയാണ് വിർജീനിയ മാഡ്സൻ. ‘ജനറൽ ഹോസ്പിറ്റൽ’, ‘മെൽറോസ് പ്ലേസ്’ എന്നീ പരമ്പരകളിലൂടെ ശ്രദ്ധേയനാണ് അന്റോണിയോ സബാറ്റോ ജൂനിയർ. ഇരുവരുടെയും ഏക മകനാണ് അറസ്റ്റിലായ ജാക്ക് സബാറ്റോ.
Hit-and-run in Alaska; son of Hollywood actor Antonio Sabato arrested













