
ടെഹ്റാൻ: യുഎൻ സമ്മേളനത്തിനായി ന്യൂയോർക്കിലെത്തിയ ഇറാനിയൻ പ്രതിനിധി സംഘത്തോട് ഉടൻ രാജ്യം വിടാൻ അമേരിക്ക ആവശ്യപ്പെട്ടുവെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി ഇറാൻ യുഎൻ മിഷൻ. തിങ്കളാഴ്ച വൈകുന്നേരം തങ്ങളുടെ സംഘം ന്യൂയോർക്കിൽ നിന്നും മടങ്ങിയത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണെന്നും ഈ യാത്രാ വിവരങ്ങൾ സെപ്റ്റംബർ 17-ന് തന്നെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനെ അറിയിച്ചിരുന്നുവെന്നും ഇറാൻ വ്യക്തമാക്കി.
മധ്യസ്ഥർ മുഖേന ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇറാനിയൻ സംഘത്തോട് ഉടനടി രാജ്യം വിടാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടതായി അമേരിക്കൻ വാർത്താ പോർട്ടലായ ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇറാൻ ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തിയത്.
ചർച്ചകളിൽ യാതൊരു നേട്ടവും കൈവരിക്കാൻ സാധിക്കാത്തതിനെ തുടർന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ഇറാൻ യു.എൻ മിഷൻ എക്സിൽ കുറിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും വഷളാകുന്നതിനിടയിലാണ് ഐക്യരാഷ്ട്രസഭാ സമ്മേളനത്തിന് ശേഷമുള്ള ഈ വാഗ്വാദങ്ങൾ നടക്കുന്നത്.














