ടെൽ അവീവ്: ഫ്‌ളൈ ദുബായ് വിമാനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച ഒമാനി പൈലറ്റ് ഇസ്ലാമിക തീവ്രവാദ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട വ്യക്തിയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഫോക്‌സ് ആൻഡ് ഫ്രണ്ട്‌സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യോഗ്യതാനിർണയത്തിലുണ്ടായ പിഴവ് കാരണമാണ് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് വിമാനം പറത്താനുള്ള അവസരം ഇയാൾക്ക് ലഭിച്ചതെന്നും നെതന്യാഹു പറഞ്ഞു.
അക്രമിയുടെ വ്യക്തിഗതവിവരങ്ങൾ ശേഖരിച്ചതിൽ നിന്നാണ് തീവ്രവാദ സ്വാധീനം വ്യക്തമായതെന്നും ഇയാളെ നിലവിൽ ചോദ്യം ചെയ്തുവരികയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള പൈലറ്റുമാർ ഇസ്രയേലിലേക്ക് വിമാനങ്ങൾ പറത്തുന്നത് വിലക്കുന്ന നിയമത്തിലെ പഴുത് മുതലെടുത്താണ് സഹപൈലറ്റ് വിമാനത്തിൽ കയറിയത്. വിമാനം തകർക്കാനാണ് ഇയാൾ ശ്രമിച്ചതെന്നും കീഴ്‌പ്പെടുത്തിയതിന് പിന്നാലെ ‘എന്നെ കൊല്ലൂ, എന്നെ കൊല്ലൂ’ എന്ന് അലറിവിളിച്ചതായും നെതന്യാഹു വെളിപ്പെടുത്തി.
അതേസമയം, ആക്രമണം നടത്തിയ ഒമാനി പൈലറ്റിന് ഇറാനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു. ഇതിൽ ഇപ്പോൾ നിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിയില്ലെന്നും ഇറാനോ മറ്റാരെങ്കിലുമോ ആയി ഇയാൾക്ക് ബന്ധമുണ്ടോ എന്ന കാര്യം കുറച്ചുദിവസങ്ങൾക്കകം വ്യക്തമാകുമെന്നും അദ്ദേഹം അറിയിച്ചു.
174 യാത്രക്കാരുമായി ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്‌ളൈ ദുബായ് എഫ്.ഇ.സെഡ് 1073 വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒമാനി പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിച്ചതോടെ വിമാനം നിമിഷങ്ങൾക്കുള്ളിൽ 14,000 അടി താഴേക്ക് പതിച്ചു. എന്നാൽ സ്മിത് കോക്ക്പിറ്റ് വാതിൽ തുറന്ന് യാത്രക്കാരെ വിവരമറിയിക്കുകയും തുടർന്ന് യാത്രക്കാർ അക്രമിയെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരായ യാത്രക്കാരാണ് പിന്നീട് വിമാനം സൗദി അറേബ്യയിലെ താബുക്കിൽ ഇറക്കിയത്.
Omani Pilot Was Influenced by Radical Ideas, Claims Benjamin Netanyahu















