ചൈനീസ് ശതകോടീശ്വരന്റെ വാടകഗർഭധാരണ തട്ടിപ്പ് വിവാദം; കാലിഫോർണിയൻ ഏജൻസി മേധാവിക്കെതിരെ നടപടിയുമായി സ്റ്റാൻഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട്

കാലിഫോർണിയ: നൂറിലധികം കുട്ടികളുടെ പിതാവായ ചൈനീസ് ശതകോടീശ്വരൻ ഷു ബോയ്ക്ക് വാടകഗർഭധാരണത്തിലൂടെ കുഞ്ഞിനെ നൽകാൻ സഹായിച്ച കാലിഫോർണിയ ആസ്ഥാനമായുള്ള ‘പാട്രിയറ്റ് കൺസെപ്ഷൻസ്’ ഏജൻസിയും അതിന്റെ സി.ഇ.ഒ ഹോതിയൻ ഭായിയും വൻ വിവാദത്തിൽ. വ്യവസായത്തിലെ ക്രമക്കേടുകൾ പുറത്തുവന്നതിന് പിന്നാലെ പ്രമുഖ ഗവേഷണ സ്ഥാപനമായ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ ഹൂവർ ഇൻസ്റ്റിറ്റ്യൂട്ട് ഭായിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. തന്റെ വാണിജ്യ സ്ഥാപനങ്ങളെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് മുൻ ഫെലോ കൂടിയായ ഭായിയെ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയത്.

വെറ്ററൻ സർവീസുമായി ബന്ധപ്പെടുത്തി സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെത്തുടർന്ന് വെറ്ററൻ ഫെലോഷിപ്പ് പ്രോഗ്രാമിന്റെ അപേക്ഷാ നടപടികളെക്കുറിച്ച് സമ്പൂർണ്ണ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ഹൂവർ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഭായ് മുൻപ് യുഎസ് ആർമിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും, അഫ്ഗാനിസ്ഥാനിൽ ഡെപ്ലോയ്മെന്റ് ഉണ്ടായിരുന്നുവെന്ന ഇയാളുടെ അവകാശവാദം തെറ്റാണെന്ന് യുഎസ് ആർമി വക്താവും സ്ഥിരീകരിച്ചു.

ചൈനയിലെ പ്രമുഖ വീഡിയോ ഗെയിം കമ്പനിയായ ഗ്വാങ്ഷു ദുവോയി നെറ്റ്‌വർക്കിന്റെ ഉടമയായ ഷു ബോയ്ക്ക് നൂറിലധികം കുട്ടികളുണ്ടെന്ന വിവരം മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് വാണിജ്യ വാടകഗർഭധാരണ മേഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ വീണ്ടും ചർച്ചയായത്. ഗർഭം ധരിച്ച യുവതിക്ക് കുട്ടിയുടെ പിതാവ് ആരാണെന്ന് മുൻകൂട്ടി വെളിപ്പെടുത്താതെയാണ് ഏജൻസി കരാറിൽ ഏർപ്പെട്ടത്. അമേരിക്കയിൽ വാണിജ്യപരമായ വാടകഗർഭധാരണം നിയമവിധേയമായതിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള സമ്പന്നർ ഇത്തരം ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് തടയാൻ നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യം ഇതോടെ ശക്തമായി.

More Stories from this section

family-dental
witywide