ന്യൂയോർക്കിലെ രണ്ടാമത്തെ വീടുകൾക്കുള്ള പുതിയ നികുതി നടപ്പാക്കുന്നതിന് തിരിച്ചടി; സിറ്റി ഭരണകൂടത്തിന്റെ നീക്കം തടഞ്ഞ് കോടതി

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിൽ രണ്ടാമതായി കൈവശം വെച്ചിരിക്കുന്ന ആഡംബര വസതികൾക്ക് സർചാർജ് ചുമത്താനുള്ള സിറ്റി ഭരണകൂടത്തിന്റെ നീക്കത്തിന് ഫെഡറൽ കോടതിയുടെ തിരിച്ചടി. സ്റ്റാറ്റൻ ഐലൻഡ് കോടതിയാണ് മേയർ സൊഹ്റാൻ മംദാനിയുടെ പുതിയ നികുതി നയം നടപ്പിലാക്കുന്നതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഹർജിക്കാർക്ക് അനുകൂലമായി ഉത്തരവിട്ടത്. 50 ലക്ഷം ഡോളറിന് മുകളിൽ മൂല്യമുള്ള പ്രാഥമികമല്ലാത്ത വസതികൾക്കും 10 ലക്ഷം ഡോളറോ അതിനുമുകളിലോ മൂല്യമുള്ള കോ-ഓപ്പുകൾക്കും നികുതി ചുമത്താനായിരുന്നു നഗരസഭയുടെ തീരുമാനം.

നഗരത്തിന്റെ ബജറ്റ് കമ്മി നികത്തുന്നതിനായി മേയർ മംദാനി അവതരിപ്പിച്ച 2027 സാമ്പത്തിക വർഷത്തെ ബജറ്റിന്റെ ഭാഗമായാണ് ‘പീഡ്-എ-റ്റെറെ’ എന്ന പേരിലറിയപ്പെടുന്ന ഈ നികുതി നിർദ്ദേശം കൊണ്ടുവന്നത്. ഗവർണർ കാത്തി ഹോച്ചൂളും ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രാഥമിക വസതിയായി ഉപയോഗിക്കുന്ന വീടുകളെപ്പോലും തെറ്റായി വർഗ്ഗീകരിച്ച് നികുതിപ്പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് മൂന്ന് വ്യക്തികൾ നൽകിയ ഹർജിയിലാണ് റിച്ചിമണ്ട് കൗണ്ടി ജഡ്ജ് വെയ്ൻ എം. ഓസി ഉത്തരവ് പുറപ്പെടുവിച്ചത്.

9 ലക്ഷത്തിലധികം വീടുടമസ്ഥരുടെ പേരുകളും വിവരങ്ങളും ഉൾപ്പെടുത്തി ധനകാര്യ വകുപ്പ് തയ്യാറാക്കിയ നികുതിപ്പട്ടിക വെബ്‌സൈറ്റിൽ നിന്നും ഉടനടി നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. യഥാർത്ഥത്തിൽ നികുതി ബാധ്യതയുള്ള വസ്തുവകകളുടെ മാത്രം വിവരങ്ങൾ അടങ്ങിയ പുതിയ പട്ടിക പ്രസിദ്ധീകരിക്കാനും, നിലവിൽ അയച്ച അബദ്ധജടിലമായ 17,000 നോട്ടീസുകൾ റദ്ദാക്കാനും കോടതി നിർദ്ദേശിച്ചു. ശരിയായ കൃത്യവിവരങ്ങൾ ശേഖരിച്ച ശേഷം മാത്രം നോട്ടീസുകൾ അയച്ചാൽ മതിയെന്ന കോടതി വിധി പുതിയ മേയറുടെ ജനപ്രിയ നയങ്ങൾക്ക് വൻ തിരിച്ചടിയായിട്ടുണ്ട്.

More Stories from this section

family-dental
witywide