
ഹവാന: ജനുവരിയിൽ യുഎസ് ഇന്ധന ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ആറാമത്തെ തവണയും ക്യൂബയിൽ പവർ ഗ്രിഡ് പൂർണ്ണമായി നിലച്ചു. വെള്ളിയാഴ്ച ഉണ്ടായ പവർ ഗ്രിഡ് തകർച്ചയെ തുടർന്ന് രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ജനങ്ങളാണ് വൈദ്യുതിയില്ലാതെ ദുരിതത്തിലായത്. രാജ്യവ്യാപകമായ വൈദ്യുതി മുടക്കം ഉണ്ടായതായി ഊർജ്ജ-ഖനന മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്. സർവീസ് പുനഃസ്ഥാപിക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ ട്രാൻസ്മിഷൻ ലൈനുകളിലുണ്ടായ തകർച്ചയാണ് മൊത്തത്തിലുള്ള ഗ്രിഡ് തകർച്ചയ്ക്ക് കാരണമായതെന്ന് ക്യൂബൻ അധികൃതർ അറിയിച്ചു. മാറ്റാൻസസ് പ്രവിശ്യ വരെ ബാധിച്ച ഈ തകർച്ചയെ തുടർന്ന് രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളും വിച്ഛേദിക്കപ്പെട്ടു. മോശം കാലാവസ്ഥയും ഗ്രിഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയതായി ഔദ്യോഗിക പത്രമായ ഗ്രാൻമ റിപ്പോർട്ട് ചെയ്തു. വൈകുന്നേരമായപ്പോഴേക്കും ഹവാനയിലെ 5 ശതമാനം ഉപഭോക്താക്കൾക്ക് മാത്രമാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. കമാഗൂയ്, പിനാർ ഡെൽ റിയോ, ഗ്രാൻമ തുടങ്ങിയ പ്രവിശ്യകളിൽ ചെറിയ തോതിലുള്ള പവർ ഡിസ്ട്രിബ്യൂഷൻ സംവിധാനങ്ങൾ സ്ഥാപിച്ചുവരികയാണ്. ആശുപത്രികൾക്കും മറ്റ് അത്യാഹിത വിഭാഗങ്ങൾക്കും ആവശ്യമായ വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ക്യൂബയിൽ വൈദ്യുതി ഗ്രിഡ് തകർച്ചകൾ പതിവായി മാറിയിട്ടുണ്ട്. ക്യൂബൻ രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ധന ഉപരോധം പ്രഖ്യാപിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. ക്യൂബയിലേക്ക് എണ്ണ നൽകുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചിരുന്നു. തെർമോഇലക്ട്രിക് പവർ പ്ലാന്റുകൾ പ്രവർത്തിപ്പിക്കാനും കാലപ്പഴക്കം ചെന്ന അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കാനുമുള്ള ഇന്ധനം ഇറക്കുമതി ചെയ്യാൻ ഈ നിയന്ത്രണങ്ങൾ തടസ്സമാകുന്നു. മാർച്ചിൽ റഷ്യയിൽ നിന്ന് എത്തിയ ഒരു ടാങ്കർ മാത്രമാണ് ഇതിനിടയിൽ ഇന്ധനവുമായെത്തിയത്.
രാജ്യവ്യാപകമായി വൈദ്യുതി വിതരണം സാധാരണ നിലയിലാകുമ്പോൾ പോലും തുടർച്ചയായി മുപ്പത് മണിക്കൂറിലധികം നീളുന്ന പവർ കട്ടുകളാണ് ക്യൂബൻ ജനത നേരിടുന്നത്. ഈ പ്രതിസന്ധിയെ ‘കൂട്ട ശിക്ഷ’ എന്നാണ് ഐക്യരാഷ്ട്രസഭയിലെ ക്യൂബൻ അംബാസഡർ എർണെസ്റ്റോ സോബെറോൺ ഗുസ്മാൻ വിശേഷിപ്പിച്ചത്. തുടർച്ചയായ വൈദ്യുതി മുടക്കം ജനജീവിതം ദുസ്സഹമാക്കിയതോടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.















