
വാഷിംഗ്ടൺ: അമേരിക്കയുമായി നടത്തുന്ന ചർച്ചകളെ ഇറാൻ ഇപ്പോൾ വളരെ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനെതിരെ വലിയ രീതിയിലുള്ള സൈനിക ആക്രമണം നടത്തുന്ന കാര്യത്തിൽ താൻ ഇപ്പോൾ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഒന്നുകിൽ ഇറാൻ ഒരു നയതന്ത്ര കരാറിന് തയ്യാറാകണം, അല്ലെങ്കിൽ ഇതിലും ശക്തമായ ആക്രമണങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടുന്നത് തടയാനാണ് യുഎസ് ആക്രമണം നടത്തുന്നതെന്നാണ് വാഷിംഗ്ടണിൻ്റെ വാദം. യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ നടത്തിയ തിരിച്ചടിയിൽ നാല് യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു.
നാലോ അഞ്ചോ ആഴ്ചകൾ കൊണ്ട് അവസാനിക്കുമെന്ന് ട്രംപ് പ്രവചിച്ച യുദ്ധം ഇപ്പോൾ അഞ്ചാം മാസത്തിലേക്ക് കടക്കുകയാണ്. ഇത് നവംബറിൽ നടക്കാനിരിക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ജനപ്രീതിയെ ബാധിക്കുന്നുണ്ട്. ഇറാൻ ആണവായുധം നിർമ്മിക്കുന്നതിന് അടുത്തത്തെുന്നതാണ് തൻ്റെ അന്തിമ അതിർവരമ്പെന്നും ട്രംപ് ആവർത്തിച്ചു. കഴിഞ്ഞ ദിവസം പറഞ്ഞതിന് വിപരീതമായാണ് ട്രംപിൻ്റെ ഇപ്പോഴത്തെ നിലപാട്. ഇറാനെതിരെ ശക്തമായ ആക്രമണം വരാൻ പോകുന്നുവെന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.
അതേസമയം, ഇറാനെ റഷ്യയോ ചൈനയോ സഹായിക്കുന്നില്ലെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് കൂട്ടിച്ചേർത്തു. ഇറാനെ ഒരു സാഹചര്യത്തിലും സഹായിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തനിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും, താൻ അവരെ വിശ്വസിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
‘Iran is showing more seriousness in talks, no major attack for now’ – Trump changes stance















