
അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുകയാണെങ്കിൽ ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കി. പുതിയ ചർച്ചകളിലേക്ക് കടക്കുന്നതിന് മുൻപ് അമേരിക്ക വെടിനിർത്തൽ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് ഇറാൻ അംബാസഡർ ആമിർ സയ്യിദ് ഇരവാണി പറഞ്ഞു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന് അയച്ച കത്തിലാണ് ഇറാൻ തങ്ങളുടെ നയം വ്യക്തമാക്കിയത്. രാഷ്ട്രീയ പരിഹാരത്തിനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കിൽ സഹകരിക്കാൻ തയ്യാറാണെന്നും എന്നാൽ യുദ്ധമാണ് ആഗ്രഹമെങ്കിൽ അതിനും ഇറാൻ സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്ക പിടിച്ചെടുത്ത ടൗസ്‌ക കപ്പൽ ഉടൻ വിട്ടുനൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പലിന് നേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ഇറാന്റെ വാദം. അതേസമയം, ഒമാൻ തീരത്തിനടുത്തുള്ള ഹോർമുസ് കടലിടുക്കിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഒരു കപ്പലിന് നേരെ വെടിയുതിർത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഏത് രാജ്യത്തിന്റെ കപ്പലിന് നേരെയുള്ള ആക്രമണമാണ് ഇതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഇറാനെതിരായ നീക്കങ്ങളിൽ രണ്ടാഴ്ചത്തേക്ക് കൂടി വെടിനിർത്തൽ നീട്ടുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം പുകയുന്നത്. വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോഴും ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേനയുടെ ഉപരോധം തുടരുമെന്ന് ട്രംപ് ആവർത്തിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരമുണ്ടാകുമോ അതോ സൈനിക നീക്കങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
Iran ready for talks if US lifts sanctions; warns readiness for war if chosen












