ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, കാലുകുത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് നിയമമന്ത്രി

ഇന്ത്യയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽ കാലുകുത്തുന്ന നിമിഷം അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ് നിയമമന്ത്രി എം. അസദുസ്സമാൻ വ്യക്തമാക്കി. ജീവന് ഭീഷണിയുണ്ടെങ്കിലും വരും മാസങ്ങളിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ തീരുമാനിച്ചതായി ഹസീന അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പിയോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ കടുത്ത മുന്നറിയിപ്പ്. താൻ കൊല്ലപ്പെടാനോ ജയിലിലടയ്ക്കപ്പെടാനോ സാധ്യതയുണ്ടെന്ന് അറിയാമെങ്കിലും അനുയായികളുടെ ആവശ്യപ്രകാരം തിരിച്ചെത്തുമെന്നായിരുന്നു അവരുടെ പ്രതികരണം.

എന്നാൽ, നിയമം അതിന്റേതായ വഴി സ്വീകരിക്കുമെന്നും അധികാരം ഉപയോഗിച്ച് ശക്തമായ നടപടിയെടുക്കുമെന്നും നിയമമന്ത്രി മുന്നറിയിപ്പ് നൽകി. എല്ലാ തടസ്സങ്ങളും മറികടന്ന് ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഹസീന ആഗ്രഹിക്കുന്നുണ്ടെങ്കിലും 78-കാരിയായ അവർക്ക് തിരിച്ചുവരവ് എളുപ്പമാകില്ലെന്ന് അസദുസ്സമാൻ ചൂണ്ടിക്കാട്ടി. മുൻപ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹസീനയ്ക്ക് വിമാനത്താവളത്തിൽ വെച്ച് തന്നെ അറസ്റ്റ് നേരിടേണ്ടി വരുമെന്നും നേരിട്ട് കോടതിയിൽ എത്താൻ പോലും അവസരം ലഭിച്ചേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2024-ൽ ബംഗ്ലാദേശിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം ക്രൂരമായി അടിച്ചമർത്തിയ കേസിലാണ് ഷെയ്ഖ് ഹസീനയെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ വധശിക്ഷയ്ക്ക് വിധിച്ചത്. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ വെടിവെപ്പും മനുഷ്യാവകാശ ലംഘനങ്ങളും അധികാരം ഉപയോഗിച്ച് ഹസീനയുടെ അറിവോടെയാണ് നടന്നതെന്ന് വിചാരണ കോടതി വിലയിരുത്തിയിരുന്നു. പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ഹസീനയെ തിരികെ എത്തിക്കാനും വിചാരണ നടപടികൾ പൂർത്തിയാക്കാനും ബംഗ്ലാദേശിലെ പുതിയ ഭരണകൂടം തീവ്രശ്രമത്തിലാണ്.

Sheikh Hasina Plans Return to Bangladesh; Law Minister Warns of Immediate Arrest Upon Arrival

More Stories from this section

family-dental
witywide