
ജോർദാനിലെ അമേരിക്കൻ വ്യോമത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന് മറുപടിയായി യു.എസ്. നടത്തിയ പ്രത്യാക്രമണത്തിന് ശക്തമായി തിരിച്ചടിച്ച് ഇറാൻ. വടക്കൻ കുവൈറ്റിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെയാണ് ഇറാന്റെ വ്യോമാക്രമണം ഉണ്ടായത്. വ്യാഴാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും കെട്ടിടത്തിന് വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഇതിനിടെ, തങ്ങൾക്ക് നേരെ വന്ന അഞ്ചോളം ഇറാൻ മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി ജോർദാൻ അറിയിച്ചു.
അമേരിക്കയ്ക്ക് ഇനിയും കനത്ത മറുപടി നൽകുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. ജോർദാനിലെ ഇറാൻ ആക്രമണത്തിന് പിന്നാലെ യു.എസ്. പ്രത്യാക്രമണം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് ഇറാന്റെ തിരിച്ചടിയുണ്ടായത്. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി രൂക്ഷമായിരിക്കുകയാണ്. അതേസമയം, ഈജിപ്തിലെ ഡാമിയേറ്റ തുറമുഖത്ത് പ്രകൃതിവാതകവുമായി എത്തിയ രണ്ട് കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായെന്നും ഇറാഖിൽ നിന്ന് തങ്ങളുടെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടന്നെന്നും സൗദി അറേബ്യ ആരോപിച്ചു.
നേരത്തെ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ സൈനിക കമാൻഡ് സെന്ററുകൾ, മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഖേഷം ദ്വീപിൽ നടന്ന ഈ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തു. കൂടാതെ ഇറാഖിൽ പ്രവർത്തിക്കുന്ന ഇറാന്റെ പിന്തുണയുള്ള പാരാമിലിറ്ററി ഗ്രൂപ്പായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സിലെ 20-ഓളം അംഗങ്ങൾ യു.എസ്.-സൗദി സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഇറാൻ സ്ഥിരീകരിച്ചു.
US Strikes Back: Iran Attacks Chinese Firm in Kuwait, One Killed As Middle East Conflict Escalates












