പ്രതീക്ഷയോടെ ഉറ്റുനോക്കി ലോകം; വൻ വിട്ടുവീഴ്ചയ്ക്ക് ഇറാൻ തയാറായതായി റിപ്പോർട്ട്, യുഎസ് സമാധാന ചർച്ചകളിൽ നിർണായക മുന്നേറ്റം

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുമായി നടക്കുന്ന സമാധാന ചർച്ചകളിൽ നിർണായക മുന്നേറ്റമുണ്ടായതായി റിപ്പോർട്ട്. ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം പൂർണമായി ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ തയ്യാറായതായി രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള സമാധാന കരാർ അന്തിമഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്.

ആണവ സാമഗ്രികളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട പ്രാഥമിക ധാരണയിലേക്ക് ഇറാൻ എത്തിയിട്ടുണ്ടെങ്കിലും, സമ്പുഷ്ടീകരിച്ച യുറേനിയം എങ്ങനെ നിർവീര്യമാക്കുമെന്നോ മറ്റൊരു രാജ്യത്തേക്ക് മാറ്റുമെന്നോ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെച്ചതിന് ശേഷം നടക്കുന്ന തുടർചർച്ചകളിലാകും ഇതുസംബന്ധിച്ച രൂപരേഖ തയ്യാറാക്കുക. സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റരുതെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമേനി നേരത്തെ നിർദേശിച്ചിരുന്ന സാഹചര്യത്തിൽ, ഇറാന്റെ പുതിയ നിലപാട് നയതന്ത്ര രംഗത്ത് വലിയ വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്.

അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ കണക്ക് പ്രകാരം നിലവിൽ ഇറാന്റെ കൈവശം 60 ശതമാനം വരെ ശുദ്ധീകരിച്ച ഏകദേശം 400 കിലോഗ്രാം യുറേനിയം ഉണ്ട്. ഇതുപയോഗിച്ച് ഒന്നിലധികം ആണവായുധങ്ങൾ നിർമ്മിക്കാൻ കഴിയുമെന്ന മുന്നറിയിപ്പ് ഇസ്രായേൽ മുൻപ് നൽകിയിരുന്നു. യുറേനിയം ശേഖരത്തെക്കുറിച്ച് വ്യക്തമായ ഉറപ്പ് ലഭിക്കാത്ത പക്ഷം ചർച്ചകളിൽ നിന്ന് പിന്മാറുമെന്നും സൈനിക നടപടി പുനരാരംഭിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിലെ ഇസ്ഫഹാൻ ഭൂഗർഭ ആണവകേന്ദ്രത്തെ ലക്ഷ്യമിട്ട് ‘ബങ്കർ-ബസ്റ്റർ’ ബോംബാക്രമണം നടത്തുന്നതടക്കമുള്ള സൈനിക നീക്കങ്ങളും ട്രംപ് ഭരണകൂടം പരിഗണിച്ചിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

എന്നാൽ സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്രപരമായ പരിഹാരമാണ് ഇപ്പോൾ മുൻതൂക്കം നേടുന്നത്. 2015ലെ ആണവ കരാറിന്റെ മാതൃകയിൽ ഇറാന്റെ യുറേനിയം ശേഖരം റഷ്യക്ക് കൈമാറുകയോ അതിന്റെ സാന്ദ്രത കുറയ്ക്കുകയോ ചെയ്യുന്ന സാധ്യതകളാണ് ചർച്ചയിലുള്ളത്. ചർച്ചകൾ വിജയകരമായി പൂർത്തിയായാൽ വിദേശരാജ്യങ്ങളിൽ മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ആസ്തികൾ തിരിച്ചുനൽകാമെന്നും അമേരിക്ക ഉറപ്പുനൽകിയിട്ടുണ്ട്. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ യുദ്ധഭീതിയിലായിരുന്ന പശ്ചിമേഷ്യയിൽ പുതിയ സമാധാനാന്തരീക്ഷത്തിന് ഈ കരാർ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

More Stories from this section

family-dental
witywide