
ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാൻ ഇറാൻ രൂപീകരിച്ച പുതിയ സമിതിയായ ‘പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി’ (പി.ജി.എസ്.എ) വഴി കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇരുന്നൂറിലധികം വിദേശ കപ്പലുകൾ അനുമതി തേടിയതായി റിപ്പോർട്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചതിന് ശേഷമുള്ള മൂന്ന് ആഴ്ചകളിൽ, മേഖലയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുന്നതിന് തൊട്ടുമുൻപ് വരെ 200-ലധികം അന്യരാജ്യ കപ്പലുകൾ തങ്ങളുമായി സഹകരിച്ചതായി അതോറിറ്റി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
ഇതിൽ ഭൂരിഭാഗം കപ്പലുകൾക്കും കടലിടുക്കിലൂടെ സഞ്ചരിക്കാനുള്ള അനുമതിയും ഇൻഷുറൻസ് പരിരക്ഷയും നൽകിയിട്ടുണ്ടെന്നാണ് ഇറാന്റെ അവകാശവാദം. എന്നാൽ ഇതിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. മേഖലയിലെ ഭൂരിഭാഗം എണ്ണ കയറ്റുമതിയും നടക്കുന്ന ഹോർമുസ് കടലിടുക്കിൽ തങ്ങളുടെ പരമാധികാരം ഉറപ്പിക്കുന്നതിനും കപ്പലുകളുടെ നീക്കം നിയന്ത്രിക്കുന്നതിനുമായി ഈ വർഷം ആദ്യമാണ് ഇറാൻ പി.ജി.എസ്.എ രൂപീകരിച്ചത്.
കഴിഞ്ഞ വാരാന്ത്യത്തിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും ‘അടച്ചതായി’ പ്രഖ്യാപിക്കുന്നതിന് മുൻപ് വരെ, പി.ജി.എസ്.എ വഴി അനുമതി തേടുന്ന കപ്പലുകൾക്കായി കടലിടുക്ക് തുറന്നിട്ടിരിക്കുകയാണെന്നായിരുന്നു ടെഹ്റാന്റെ നിലപാട്. എന്നാൽ മേഖലയിലെ യുഎസ് സൈനിക നീക്കങ്ങളാണ് ഇപ്പോൾ കടലിടുക്ക് പൂർണ്ണമായി അടച്ചിടാൻ കാരണമായി ഇറാൻ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ഇറാന്റെ പുതിയ അതോറിറ്റിയുമായി യാതൊരു കാരണവശാലും സഹകരിക്കരുതെന്ന് അമേരിക്ക നേരത്തെ തന്നെ കപ്പൽ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ അനുമതിയുണ്ടായാലും ഇല്ലെങ്കിലും ഈ അന്താരാഷ്ട്ര ജലപാത തുറന്നുതന്നെ കിടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.













