
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇ എണ്ണപ്പകർച്ചാ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ ഇന്ത്യ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ചു. ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ കടുത്ത നടപടി. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ‘എംടി അൽ ബഹിയ’, ‘എംടി മൊംബാസ’ എന്നീ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണം നടന്നതെന്നും, രണ്ട് കപ്പലുകളിലുമായി ആകെ 30 ഇന്ത്യൻ നാവികർ ഉണ്ടായിരുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ ന്യൂഡൽഹിയിലെ ഇറാൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചുവരുത്തി കേന്ദ്ര സർക്കാർ അമർഷമറിയിച്ചു. സാധാരണക്കാരായ നാവികർക്ക് നേരെയുള്ള അതിക്രമങ്ങളും അന്താരാഷ്ട്ര സമുദ്രപാതകളിലെ സുരക്ഷിത ഗതാഗതം തടസ്സപ്പെടുത്തുന്ന നീക്കങ്ങളും അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ദുരന്തത്തിൽപ്പെട്ട നാവികരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച വിദേശകാര്യ മന്ത്രാലയം, യുഎഇയിലെ ഇന്ത്യൻ എംബസി വഴിയും കോൺസുലേറ്റ് വഴിയും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നുണ്ടെന്ന് അറിയിച്ചു.
പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷങ്ങൾ വീണ്ടും വർദ്ധിച്ചുവരുന്നതിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ അക്രമങ്ങൾ ഉടനടി അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങിയെത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് സമുദ്രപാതകളിലൂടെയുള്ള സ്വതന്ത്ര വ്യാപാരവും ഗതാഗതവും പുനഃസ്ഥാപിക്കുന്നതിനായി വാണിജ്യ കപ്പലുകൾക്കും ജനവാസ മേഖലകൾക്കും നേരെയുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Attack on UAE Tankers: India Lodges Strong Protest With Iran Over Death of Indian Seafarer












