ചർച്ചകളിലൂടെയല്ല, മിസൈലുകളിലൂടെയാണ് ഇറാൻ നേട്ടങ്ങൾ കൊയ്യുന്നത്; നിലപാട് വ്യക്തമാക്കി ഇറാൻ സ്പീക്കർ, യുഎസിനുള്ള കടുത്ത മുന്നറിയിപ്പ്

ടെഹ്‌റാൻ: അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നത് ചർച്ചകളിലൂടെയല്ല, മറിച്ച് മിസൈൽ കരുത്തിലൂടെയാണെന്ന് തുറന്നടിച്ച് ഇറാന്റെ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്ന പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്. വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇറാന്റെ നയം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം രംഗത്തെത്തിയത്. ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ വിവാദ പ്രസ്താവന. നയതന്ത്ര ചർച്ചകൾ എന്നത് മിസൈലുകളിലൂടെ നേടിയെടുക്കുന്ന കാര്യങ്ങൾ ഔദ്യോഗികമായി അറിയിക്കാൻ മാത്രമുള്ള ഒരു വേദി മാത്രമാണെന്നും, വാക്കുകളിലോ ഉറപ്പുകളിലോ തങ്ങൾക്ക് യാതൊരു വിശ്വാസവുമില്ലെന്നും പ്രവൃത്തികൾ മാത്രമാണ് തങ്ങൾക്ക് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതിനും ഔദ്യോഗിക വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിൽ പുതിയൊരു കരാറിലേക്ക് അടുക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് ഇറാന്റെ ഭാഗത്തുനിന്ന് ഈ കടുത്ത പ്രതികരണം ഉണ്ടായിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ കരട് നിർദ്ദേശങ്ങളോട് ഇറാൻ അനുകൂല നിലപാട് സ്വീകരിച്ചതായി വൈറ്റ് ഹൗസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് നിർദ്ദിഷ്ട കരാറിൽ ഒപ്പുവെക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ തനിക്ക് ഏതാനും ദിവസങ്ങൾ കൂടി വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഉപദേശകരെ അറിയിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി ഈ കരാർ രേഖയ്ക്ക് കൃത്യമായ അംഗീകാരം നൽകിയെന്ന് പൂർണ്ണ ഉറപ്പ് ലഭിക്കാതെ ട്രംപ് ഇതിൽ ഒപ്പുവെക്കാൻ സാധ്യതയില്ലെന്നാണ് സൂചന.

അതേസമയം, അമേരിക്ക ആദ്യം നടപടികൾ സ്വീകരിക്കാതെ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു നീക്കവും ഉണ്ടാകില്ലെന്ന് ഘാലിബാഫ് വ്യക്തമാക്കിയിട്ടുണ്ട്. കരാർ ഒപ്പിട്ടതിന്റെ തൊട്ടടുത്ത ദിവസം യുദ്ധത്തിന് ഏറ്റവും കൂടുതൽ സജ്ജരായിരിക്കുന്ന പക്ഷമായിരിക്കും ഏത് കരാറിന്റെയും യഥാർത്ഥ വിജയികളെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിൽ ഈ ആഴ്ചയും ശക്തമായ വെടിവെയ്പ്പ് തുടരുന്ന പശ്ചാത്തലത്തിൽ, നിലവിലെ വെടിനിർത്തൽ കരാർ 60 ദിവസത്തേക്ക് കൂടി നീട്ടാനാണ് പുതിയ രേഖയിലൂടെ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.

Also Read

More Stories from this section

family-dental
witywide