
വാഷിംഗ്ടൺ: മേഖലയിൽ ഇറാന്റെ സൈനിക പ്രതിരോധ ശേഷി അമേരിക്ക ഗണ്യമായി തകർത്തുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ചൊവ്വാഴ്ച സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിക്ക് മുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി അവസാന വാരം പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് നേരെ ആരംഭിച്ച സൈനിക നടപടികളിലൂടെ ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ അമേരിക്കയ്ക്ക് സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.
ആണവ പദ്ധതികൾക്ക് സംരക്ഷണം തീർക്കാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ തീർത്ത ‘പരമ്പരാഗത പ്രതിരോധ കവചം’ വലിയ തോതിൽ തകർക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാന്റെ പക്കൽ ഇപ്പോഴും ധാരാളം ഡ്രോണുകൾ ഉണ്ടെന്ന കാര്യം റൂബിയോ സമ്മതിച്ചു. ഈ ഡ്രോൺ സാങ്കേതികവിദ്യയുടെ വിലക്കുറവ് ഇത്തരം ഭീഷണികളെ നേരിടുന്നത് കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ടെന്നും ഇത് ആഗോളതലത്തിൽ തന്നെയുള്ള ഒരു പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ഇറാന്റെ ഡ്രോൺ നിർമ്മാണ ശേഷിയെപ്പോലും ദുർബ്ബലപ്പെടുത്താൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇറാന്റെ നാവികസേനയുടെ നിലവിലെ അവസ്ഥയെ പരിഹസിച്ച റൂബിയോ, മെഷീൻ ഗണ്ണുകൾ ഘടിപ്പിച്ച ചില ചെറിയ ബോട്ടുകൾ മാത്രമാണ് ഇപ്പോൾ അവരുടെ നാവികസേനയിൽ അവശേഷിക്കുന്നതെന്ന് കൂട്ടിച്ചേർത്തു. ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ശക്തമായ ഉപരോധം മൂലം ദിവസേന ദശലക്ഷക്കണക്കിന് ഡോളറിന്റെ വരുമാന നഷ്ടമാണ് ഇറാന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.













