
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനെതിരെ ‘ആകാശ ഉപരോധ’വുമായി യുഎസ്. യുഎസിന്റെ ഭാഗത്തുനിന്ന് ഇനി ആക്രമണമുണ്ടായാൽ ഞെട്ടിക്കുന്ന തിരിച്ചടി നൽകുമെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇറാനിയൻ വിമാനക്കമ്പനികളുടെ പ്രവർത്തനം പൂർണമായി വിലക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പ്രഖ്യാപിച്ചത്. ഇറാനിയൻ വിമാനക്കമ്പനികൾക്ക് സേവനം നൽകുന്ന വിദേശ കമ്പനികൾക്കും വിലക്കേർപ്പെടുത്തുമെന്ന് യുഎസ് അറിയിച്ചു. അന്താരാഷ്ട്ര സർവീസുകൾ നടത്തുന്നതിൽനിന്ന് ഇറാൻ വിമാനക്കമ്പനികളെ ഈ ആഴ്ച തന്നെ വിലക്കുമെന്നാണ് ബെസന്റ് വ്യക്തമാക്കിയത്.
വിമാനക്കമ്പനികൾക്ക് മാത്രമല്ല, ഇറാനിയൻ വിമാനങ്ങൾക്ക് സേവനം നൽകുന്ന വിമാനത്താവളങ്ങൾ, ടിക്കറ്റ് ഏജൻസികൾ, ഇന്ധന വിതരണക്കാർ, വിദേശത്ത് പ്രവർത്തിക്കാൻ സഹായിക്കുന്ന മറ്റ് ഏജൻസികൾ എന്നിവയ്ക്കും വിലക്കേർപ്പെടുത്തുമെന്ന് ബെസന്റ് സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പുതിയ നിയന്ത്രണങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരായ യുദ്ധത്തിന്റെ ഭാഗമായി യുഎസ് ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധങ്ങളിലെ ഏറ്റവും പുതിയ നടപടിയാണിത്. നേരത്തെയും ഇറാൻ വ്യോമയാന മേഖലയ്ക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. പുതിയ നീക്കത്തിൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, യുഎസിന്റെ ഭീഷണിക്ക് പിന്നാലെ വിവിധ രാജ്യങ്ങളും ഇറാൻ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. യുഎസിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാൻ വിമാനങ്ങളുടെ സർവീസുകൾ റദ്ദാക്കുമെന്ന് ഇറാഖ് അറിയിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
ജോർജിയയും ഇറാൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായാണ് വിവരം. തുർക്കി സർക്കാരിന്റെ ആവശ്യപ്രകാരം തുർക്കിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയതായി ഇറാനിയൻ വിമാനക്കമ്പനിയായ മഹാൻ എയർ അറിയിച്ചു. വർഷങ്ങളായി തുടരുന്ന ഉപരോധം കാരണം പുതിയ വിമാനങ്ങളും സ്പെയർ പാർട്സുകളും വാങ്ങാനോ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താനോ കഴിയാതെ ഇറാന്റെ വ്യോമയാന മേഖല നേരത്തെ തന്നെ പ്രതിസന്ധിയിലാണ്.














