വീണ്ടും ഭീഷണിയുടെ സ്വരങ്ങൾ, യുഎസ് ഉപരോധം തുടർന്നാൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന് ഇറാൻ; വെടിനിർത്തൽ ഭീഷണിയിൽ

ടെഹ്റാൻ: അമേരിക്ക തങ്ങൾക്കെതിരായ നാവിക ഉപരോധം തുടരുകയാണെങ്കിൽ അത് വെടിനിർത്തൽ കരാറിന്റെ ലംഘനമായി കണക്കാക്കുമെന്നും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ആണ് വെള്ളിയാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.കടലിടുക്ക് തുറന്നുതന്നെ ഇരിക്കുന്നത് ചില നിബന്ധനകൾ നടപ്പിലാക്കുന്നതിനെയും ലെബനനിലെ വെടിനിർത്തൽ കരാറിനെയും ആശ്രയിച്ചിരിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾ ഇറാൻ നിശ്ചയിച്ചിട്ടുള്ള പാതയിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്നും ഇറാനിയൻ സൈന്യവുമായി ഏകോപനം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.നേരത്തെ, ഹോർമുസ് കടലിടുക്ക് ഇപ്പോൾ ‘പൂർണ്ണമായും തുറന്നിരിക്കുകയാണെന്ന്’ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇറാന്റെ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കടുത്ത നിലപാടുമായി ഇറാൻ രംഗത്തെത്തിയത്. ഉപരോധം തുടരുന്നത് വെടിനിർത്തൽ കരാറിനെ അപകടത്തിലാക്കുമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. മേഖലയിലെ സംഘർഷാവസ്ഥ പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്കിടയിൽ ഇറാന്റെ ഈ പുതിയ നീക്കം ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

More Stories from this section

family-dental
witywide