
ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിലെ സമാധാനപരമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേരെ പാക് സുരക്ഷാ സേന നടത്തുന്ന ക്രൂരമായ അടിച്ചമർത്തലുകളെയും കൂട്ടക്കൊലകളെയും പരസ്യമായി ന്യായീകരിച്ച് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പ്രക്ഷോഭം നടത്തുന്ന കശ്മീരികളെ ഇന്ത്യയെപ്പോലെ ശത്രുക്കളായാണ് താൻ കാണുന്നതെന്ന് ഖ്വാജ ആസിഫ് വിവാദ പരാമർശം നടത്തി. ഒരു പ്രാദേശിക ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാക് മന്ത്രിയുടെ ഈ വെളിപ്പെടുത്തൽ. പ്രതിഷേധക്കാരുമായി ഇനി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്നും അവർ പാക്കിസ്ഥാൻ്റെ ശത്രുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക് അധിനിവേശ കശ്മീരിലെ റാവലാകോട്ട് മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ പാക് സുരക്ഷാ സേനയുടെ വെടിവെപ്പിൽ 32 കശ്മീരി പ്രതിഷേധക്കാർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ ഈ പ്രസ്താവന. പ്രദേശത്ത് രാഷ്ട്രീയ-സാമ്പത്തിക അവകാശങ്ങൾക്കായി ജൂൺ 5 മുതൽ ആരംഭിച്ച പ്രക്ഷോഭങ്ങളിൽ ഇതുവരെ 90-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
പ്രദേശത്തെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ രംഗത്തുവന്ന, നിലവിൽ പാക്കിസ്ഥാൻ നിരോധിച്ച ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി പ്രവർത്തകരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, കടുത്ത വൈദ്യുതി ദൗർലഭ്യം, ഭരണപരമായ ചൂഷണം എന്നിവയ്ക്കെതിരെയാണ് ജനങ്ങൾ തെരുവിൽ ഇറങ്ങിയത്. കൂടാതെ അടുത്തിടെ അവിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും ജനങ്ങൾ ആഹ്വാനം ചെയ്തിരുന്നു.
അതേസമയം, പാക് അധിനിവേശ കശ്മീരിലെ നിരപരാധികളായ പൗരന്മാർക്ക് നേരെ പാക് സേന നടത്തുന്ന അതിക്രമങ്ങളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. അവിടെ നടന്ന തെരഞ്ഞെടുപ്പ് പാക്കിസ്ഥാൻ്റെ നിയമവിരുദ്ധ അധിനിവേശവും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളും മറച്ചുവെക്കാനുള്ള ഒരു താല്ക്കാലിക തന്ത്രം മാത്രമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. പാക് സേനയുടെ ക്രൂരതകൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Protesters are enemies like India; Pakistan Defense Minister Khawaja Asif justifies massacre in Pakistan-occupied Kashmir















