ചർച്ചകൾക്ക് വാഷിംഗ്ടൺ തയ്യാറായാൽ ഇറാന്റെ നിലപാട് എന്താകും, നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം; യുഎസിനെതിരെ കടുത്ത വിമർശനം

ടെഹ്റാൻ: കഴിഞ്ഞ മാസം അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രം വാഷിംഗ്ടൺ ലംഘിച്ചതിനെ തുടർന്ന് അത് നടപ്പിലാക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചു. “അമേരിക്ക കരാർ നടപ്പിലാക്കുന്നതിൽ പരാജയപ്പെടുക മാത്രമല്ല, അതിന്റെ ഉള്ളടക്കത്തിനും ലക്ഷ്യത്തിനും വിരുദ്ധമായി പ്രവർത്തിച്ച് ധാരണാപത്രം ലംഘിക്കുകയാണുണ്ടായത്” എന്ന് തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ ഇസ്മായിൽ ബഗായ് വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ തങ്ങളും കരാർ നയങ്ങളിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുരാജ്യങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന പരസ്പര പ്രതിജ്ഞാബദ്ധമായ ഒന്നായിരുന്നു ഈ ധാരണാപത്രം. എന്നാൽ അമേരിക്ക അത് ലംഘിച്ചതോടെ ഇറാനെ സംബന്ധിച്ചിടത്തോളം ഇനി അത് നടപ്പിലാക്കുക എന്നത് അസാധ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒപ്പിന് യാതൊരു വിലയുമില്ലെന്നും അത് വിശ്വസിക്കാൻ കൊള്ളില്ലെന്നും ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി വിമർശിച്ചിരുന്നു. കൂടുതൽ ചർച്ചകൾക്ക് വാഷിംഗ്ടൺ തയ്യാറായാൽ ഇറാന്റെ നിലപാട് എന്തായിരിക്കും എന്ന ചോദ്യത്തിന്, ചർച്ചകൾക്കുള്ള സാധ്യത പൂർണ്ണമായി അടഞ്ഞിട്ടില്ലെന്ന് ബഗായ് സൂചന നൽകി.

യുദ്ധം ഇറാന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ സഹായിക്കുന്നതുപോലെ തന്നെ, അതേ ലക്ഷ്യം നേടാനുള്ള മറ്റൊരു മാർഗ്ഗമാണ് നയതന്ത്ര ചർച്ചകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർച്ചയായ ആക്രമണങ്ങൾക്കിടയിലും മധ്യസ്ഥ രാജ്യങ്ങൾ പുതിയ നിർദ്ദേശങ്ങൾ ടെഹ്‌റാന് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. നിലവിൽ ഖത്തറും പാകിസ്ഥാനുമാണ് അമേരിക്കയ്ക്കും ഇറാന്റെയും ഇടയിൽ പ്രധാന മധ്യസ്ഥരായി പ്രവർത്തിക്കുന്നത്.

More Stories from this section

family-dental
witywide