കരാറിൽ ഒപ്പുവെക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാതെ ഇറാൻ; ജന്മദിനത്തിൽ കരാർ ഒപ്പിടണമെന്ന ട്രംപിന്റെ വാശി തള്ളി റവല്യൂഷണറി ഗാർഡ്

ടെഹ്റാൻ: വാഷിംഗ്ടണും ടെഹ്റാനും തമ്മിൽ തയ്യാറാക്കിയിട്ടുള്ള സമാധാന ധാരണാപത്രത്തിന്റെ കാര്യത്തിൽ ഇറാൻ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിർദ്ദിഷ്ട കരാറിന്റെ രാഷ്ട്രീയവും നിയമപരവും സാങ്കേതികവുമായ വശങ്ങളെക്കുറിച്ചുള്ള വിശദമായ പരിശോധനകൾ രാജ്യത്ത് ഇപ്പോഴും തുടരുകയാണെന്ന് വിഷയവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് വെളിപ്പെടുത്തി. വിദഗ്ദ്ധ തലത്തിലും ഉയർന്ന തീരുമാനങ്ങൾ എടുക്കുന്ന ഭരണതലത്തിലും കരാറിന്റെ എല്ലാ പ്രത്യാഘാതങ്ങളും അതീവ ജാഗ്രതയോടെ വിലയിരുത്തുകയാണെന്നും ഫാർസ് കൂട്ടിച്ചേർത്തു.

ഇറാനും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ കരാർ എന്നാണോ ഒപ്പുവെക്കുക എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം ശനിയാഴ്ചയോടെയാണ് വീണ്ടും ശക്തമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ നിർണ്ണായക മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, അടുത്ത 24 മണിക്കൂറിനുള്ളിൽ കരാറിന്റെ വ്യവസ്ഥകൾക്ക് അന്തിമ രൂപമായേക്കുമെന്ന് ശനിയാഴ്ച സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെ സമാനമായ ശുഭപ്രതീക്ഷ പങ്കുവെച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. ഞായറാഴ്ച തന്നെ കരാർ ഒപ്പുവെക്കാൻ നിശ്ചയിച്ചിട്ടുണ്ടെന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചത്.

എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ട് ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് രംഗത്തെത്തിയതോടെ കാര്യങ്ങൾ വീണ്ടും നാടകീയമായി മാറി. ഞായറാഴ്ച യാതൊരു കാരണവശാലും കരാർ ഒപ്പുവെക്കൽ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ ഐആർജിസി, ഇന്ന് തന്നെ (ഞായറാഴ്ച) കരാർ ഒപ്പിടണമെന്ന ട്രംപിന്റെ “അസ്വാഭാവികമായ വാശിയെ” കടുത്ത ഭാഷയിൽ വിമർശിച്ചു. ട്രംപിന്റെ ജന്മദിനമായ ഞായറാഴ്ച തന്നെ ഈ ചരിത്ര കരാർ ഒപ്പിട്ട് വ്യക്തിപരമായ നേട്ടമാക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കില്ലെന്ന സൂചനയാണ് ഇറാന്റെ സൈനിക നേതൃത്വം നൽകുന്നത്. ഇതോടെ ഗൾഫ് മേഖലയിലെ സമാധാന ചർച്ചകൾ വീണ്ടും ആകാംഷഭരിതമായ ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

More Stories from this section

family-dental
witywide