
ഡൽഹി: ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക യോഗത്തിൽ പങ്കെടുക്കാൻ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്‌ചി ഇന്ത്യയിലെത്തുമെന്ന് സ്ഥിരീകരണമായി. മെയ് 14, 15 തീയതികളിൽ ഡൽഹിയിൽ വെച്ചാണ് നിർണായക യോഗം നടക്കുക. ഇന്ത്യയുടെ അധ്യക്ഷതയിൽ ചേരുന്ന ഈ യോഗത്തിൽ പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ ഉൾപ്പെടെയുള്ള ആഗോള-പ്രാദേശിക വിഷയങ്ങൾ പ്രധാനമായും ചർച്ചയാകും. യുഎൻ കഴിഞ്ഞാൽ ആഗോള സാഹചര്യങ്ങൾ ചർച്ച ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വേദിയായാണ് ഈ സമ്മേളനത്തെ വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നത്.
ഫെബ്രുവരി മുതൽ തുടരുന്ന യുഎസ്-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അറാഗ്‌ചിയുടെ ഈ സന്ദർശനത്തിന് വലിയ നയതന്ത്ര പ്രാധാന്യമുണ്ട്. സന്ദർശന വേളയിൽ അദ്ദേഹം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും മറ്റ് ബ്രിക്‌സ് അംഗരാജ്യങ്ങളിലെ പ്രതിനിധികളുമായും ഉഭയകക്ഷി ചർച്ചകൾ നടത്തും. മെയ് 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശ പര്യടനം ആരംഭിക്കാനിരിക്കെ, അതിനു മുന്നോടിയായി ഇറാൻ വിദേശകാര്യ മന്ത്രി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.
ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്ക് പുറമെ ഇറാൻ, യുഎഇ, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും പുതുതായി ഉൾപ്പെട്ടതോടെ ബ്രിക്‌സ് സഖ്യം കൂടുതൽ കരുത്താർജ്ജിച്ചിരിക്കുകയാണ്. സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ മുന്നോടിയായാണ് വിദേശകാര്യ മന്ത്രിമാരുടെ ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. നിലവിലെ യുദ്ധ സാഹചര്യങ്ങളിൽ മധ്യസ്ഥത വഹിക്കാനും പ്രാദേശിക സ്ഥിരത ഉറപ്പാക്കാനുമുള്ള നിർണ്ണായക തീരുമാനങ്ങൾ ഈ യോഗത്തിൽ ഉണ്ടായേക്കും.
Iranian FM Abbas Araghchi to Visit India for BRICS Foreign Ministers’ Meeting














