
ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ സമാധാന ധാരണാപത്രത്തിന് പിന്നാലെ, ഇസ്രായേലിന് കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇനിമുതൽ ലെബനന് നേരെ ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു സൈനിക നീക്കവും അമേരിക്കയുമായി ഒപ്പുവെച്ച കരാറിന്റെ ലംഘനമായി കണക്കാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂൺ 16 ചൊവ്വാഴ്ച ടെഹ്‌റാനിൽ വിദേശ അംബാസഡർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ റിപ്പോർട്ട് ചെയ്തു.
വരാനിരിക്കുന്ന വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ വെച്ച് ഔദ്യോഗികമായി ധാരണാപത്രം ഒപ്പിട്ടതിന് ശേഷം, അന്തിമ കരാറിലെത്തുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ പുതിയ ഘട്ട ചർച്ചകൾ ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
“ഇനിമുതൽ ലെബനന് നേരെ ഇസ്രായേൽ നടത്തുന്ന ഏതൊരു സൈനിക ആക്രമണവും, ലെബനീസ് മണ്ണിൽ ഇസ്രായേൽ അധിനിവേശം തുടരുന്നതും അമേരിക്കയുമായുള്ള ധാരണാപത്രത്തിന്റെ ലംഘനമായി മാത്രമേ ഞങ്ങൾ കണക്കാക്കൂ,” അബ്ബാസ് അരാഗ്ചി കർശന ഭാഷയിൽ പറഞ്ഞു. ലെബനൻ അതിർത്തികളിൽ നിന്നും ഇസ്രായേൽ സൈന്യം പൂർണ്ണമായി പിന്മാറാതെ ഈ മേഖലയിൽ യുദ്ധത്തിന് പൂർണ്ണമായ ഒരു വിരാമം ഉണ്ടാകില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.










