വിദേശത്തുള്ള അമേരിക്കൻ പൗരന്മാർക്കെതിരെ ഇറാൻ വധശ്രമ നീക്കങ്ങൾ നടത്തുന്നു

വിദേശത്തുള്ള അമേരിക്കൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന നീക്കങ്ങൾ ഗണ്യമായി വർധിച്ചെന്നും ചില ഗൂഢാലോചനകൾ പുരോഗമിച്ച ഘട്ടത്തിലാണെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മധ്യപൂർവദേശത്തും മറ്റ് ചില രാജ്യങ്ങളിലും അമേരിക്കൻ പൗരന്മാർക്കെതിരായ മാരകമായ ആക്രമണപദ്ധതികൾ അന്തിമഘട്ടത്തിലെത്തിയതായി ദേശീയ രഹസ്യാന്വേഷണ ഡയറക്ടർ ജെയ് ക്ലെയ്റ്റൺ, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് അയച്ച മെമ്മോയിൽ വ്യക്തമാക്കി.

യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ സ്തംഭിച്ചിരിക്കുകയാണ്. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സംയുക്ത ആക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനായി ജൂണിൽ ഇരുരാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നെങ്കിലും തുടർചർച്ചകൾ മുന്നോട്ടുപോയില്ല.ഇതിനിടെ ഇരുരാജ്യങ്ങളും പരസ്പരം ആക്രമണങ്ങൾ നടത്തി. ഇറാന്റെ കപ്പലുകൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാനോ പുറത്തുകടക്കാനോ കഴിയാത്തവിധം ഉപരോധം നടപ്പാക്കുകയാണെന്നാണ് അമേരിക്കയുടെ നിലപാട്.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങൾക്കാണെന്ന് ഇറാൻ അവകാശപ്പെടുന്നു. ഇതുവഴി സഞ്ചരിക്കുന്ന കപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങളും തുടരുകയാണ്. അതേസമയം, യെമനിൽ സൗദി പിന്തുണയുള്ള സൈനിക വിഭാഗങ്ങളും ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായി. ഹൂതികൾ സൗദിയുടെ സൈനിക കേന്ദ്രങ്ങൾക്കും എണ്ണ അടിസ്ഥാനസൗകര്യങ്ങൾക്കും നേരെ ആവർത്തിച്ച് ആക്രമണം നടത്തുന്നുണ്ട്.

അതിനിടെ, വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കുശേഷം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു എണ്ണക്കപ്പലിന് അജ്ഞാത വസ്തു പതിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. സംഭവത്തിനുശേഷവും കപ്പലിന് യാത്ര തുടരാനായെന്നും അടുത്ത ലക്ഷ്യസ്ഥാനമായ തുറമുഖത്തേക്ക് നീങ്ങിയെന്നും അധികൃതർ വ്യക്തമാക്കി.

Iranian plotting against US citizens abroad in ‘advanced stages’

More Stories from this section

family-dental
witywide