
ടെഹ്‌റാൻ: അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്‍റെ ഭാഗമായി തങ്ങളുടെ സഖ്യകക്ഷികളായ യെമനിലെ ഹൂത്തി വിമതരെ ഉപയോഗിച്ച് തന്ത്രപ്രധാനമായ ബാബ് അൽ മന്ദേബ് കടലിടുക്ക് കൂടി അടച്ചുപൂട്ടാൻ ഇറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ഇതിനകം തന്നെ തടസ്സപ്പെട്ട സാഹചര്യത്തിൽ, ചെങ്കടൽ പാത കൂടി അടയുന്നത് ആഗോള വ്യാപാര മേഖലയെയും എണ്ണ വിപണിയെയും പൂർണ്ണമായി ശ്വാസം മുട്ടിക്കുമെന്നാണ് വിലയിരുത്തൽ.
ഇറാനും ഹൂത്തികളും ചേർന്ന് ബാബ് അൽ മന്ദേബ് വഴിയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ തീരുമാനിച്ചാൽ അത് സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ മിഡിൽ ഈസ്റ്റ് കാര്യങ്ങൾക്കായുള്ള മുൻ മുതിർന്ന സൈനിക ഉപദേശകൻ കേണൽ അബ്ബാസ് ദഹൂക് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര തലത്തിൽ തടസ്സമില്ലാതെ കപ്പലുകൾ സഞ്ചരിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു നിർണ്ണായക ജലപാതയാണിത്. നിലവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം ഭാഗികമായി തടസ്സപ്പെട്ടതിനാൽ സൗദി അറേബ്യയും യുഎഇയും തങ്ങളുടെ എണ്ണ കയറ്റുമതിക്കായി ആശ്രയിക്കുന്നത് ചെങ്കടൽ വഴിയുള്ള ബദൽ മാർഗ്ഗത്തെയാണ്.
സൂയസ് കനാൽ വഴി കടന്നുപോകുന്ന ഭൂരിഭാഗം ഇന്ധന കയറ്റുമതിയും ഹോർമുസ് കടലിടുക്കിലൂടെയും ബാബ് അൽ-മന്ദേബ് കടലിടുക്കിലൂടെയുമാണ് സഞ്ചരിക്കുന്നത്. ഈ പാത കൂടി തടസ്സപ്പെട്ടാൽ അത് മിഡിൽ ഈസ്റ്റിൽ മാത്രമല്ല, അന്താരാഷ്ട്ര വിപണിയിലും അമേരിക്കയിലും കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യുഎസ് ഇക്കാര്യം ഗൗരവമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇതിനെതിരെ ശക്തമായ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും ദഹൂക് വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര അതീവ അപകടകരമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം അവസ്ഥയാണിത്. നിലവിൽ സാങ്കേതികമായി ഈ പാത തുറന്നിട്ടിരിക്കുകയാണെങ്കിലും, സുരക്ഷാ ഭീതി കാരണം അന്താരാഷ്ട്ര കമ്പനികൾ ഇവിടേക്ക് കപ്പലുകൾ അയക്കാൻ ഭയപ്പെടുകയാണെന്നും ഈ മേഖലയിലെ സാധാരണ അവസ്ഥ വീണ്ടെടുക്കാൻ ഒട്ടേറെ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














