
മോസ്കോ: റഷ്യയിലെ പ്രമുഖ ഓൺലൈൻ റീട്ടെയിലർ കമ്പനിയായ ‘വൈൽഡ്ബെറീസിന്റെ’ രണ്ട് ഭീമൻ വെയർഹൗസുകൾക്ക് നേരെ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 62 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
മോസ്കോയിൽ നിന്ന് ഏകദേശം 475 കിലോമീറ്റർ തെക്ക്-കിഴക്കായി സ്ഥിതി ചെയ്യുന്ന താംബോവ് നഗരത്തിലെ വെയർഹൗസിലുണ്ടായ ആക്രമണത്തിലാണ് ഏഴ് മരണങ്ങളും 25 പരിക്കുകളും റിപ്പോർട്ട് ചെയ്തത്. രണ്ടാമത്തെ ആക്രമണം മോസ്കോ മേഖലയിലെ ഇലക്ട്രോസ്റ്റൽ എന്ന സ്ഥലത്തുള്ള വെയർഹൗസിലാണ് നടന്നത്. ഇവിടെ ഒരാൾ കൊല്ലപ്പെടുകയും 37 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഡ്രോൺ നിർമ്മാണത്തിനാവശ്യമായ നിരോധിത ഘടകങ്ങളും നാവിഗേഷൻ ഉപകരണങ്ങളും വിതരണം ചെയ്യാൻ റഷ്യ ഉപയോഗിച്ചിരുന്ന “പ്രധാന ലോജിസ്റ്റിക്സ് കേന്ദ്രങ്ങളെയാണ്” തങ്ങൾ ലക്ഷ്യമിട്ടതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. ഇതിന് പുറമെ അസോവ് കടൽ, കരിങ്കടൽ, റഷ്യ കൂട്ടിച്ചേർത്ത ക്രിമിയ എന്നിവിടങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും യുക്രെയ്ൻ ആക്രമണം നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണം നടന്ന ലോജിസ്റ്റിക്സ് കെട്ടിടങ്ങളിൽ നിന്ന് വൻതോതിൽ തീയും കറുത്ത പുകയും ഉയരുന്നതിന്റെയും, ജീവനക്കാർ പരിഭ്രാന്തരായി പാർക്കിംഗ് ഏരിയയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാത്രിയിലാണ് ആക്രമണം ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടർച്ചയായ സ്ഫോടനങ്ങൾക്കിടയിൽ പരിക്കേറ്റ ജീവനക്കാർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും, തീപിടുത്തത്തിൽ വെയർഹൗസിന്റെ ചുവരുകൾ തകർന്നുവീഴുന്നതുമായ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.














