ട്രംപിനെ കൈവിട്ട് ജനങ്ങൾ, ഒബാമയേക്കാൾ നല്ല കരാർ ഉണ്ടാക്കുമെന്ന് വിശ്വാസമില്ല; ഇറാന്‍റെ യുദ്ധത്തിലെ വാദത്തിന് തിരിച്ചടി, സർവേ ഫലം പുറത്ത്

വാഷിംഗ്ടൺ: ഇറാന്‍റെ മേലുള്ള സൈനിക നീക്കങ്ങളെ ന്യായീകരിക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിരന്തരം ഉപയോഗിക്കുന്ന വാദങ്ങൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയില്ലെന്ന് വ്യക്തമാക്കുന്ന പുതിയ സർവേ ഫലങ്ങൾ പുറത്ത്. മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ കാലത്ത് ഒപ്പുവെച്ച ഇറാൻ ആണവ കരാർ ഒരു വൻ ദുരന്തമായിരുന്നുവെന്നും, താൻ അതിനേക്കാൾ മികച്ച മറ്റൊരു കരാർ ഉണ്ടാക്കുമെന്നുമുള്ള ട്രംപിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിലെ യുദ്ധം ആരംഭിച്ചതു മുതൽ ട്രംപ് മുപ്പതിലധികം തവണ ഒബാമയുടെ ആണവ കരാറിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്നാണ് സിഎൻഎൻ ട്രാൻസ്ക്രിപ്റ്റുകൾ വിശകലനം ചെയ്ത് റിപ്പോർട്ട് ചെയ്തത്.

വാഷിംഗ്ടൺ പോസ്റ്റ് – ഇപ്സോസ് സംയുക്തമായി നടത്തിയ പുതിയ അഭിപ്രായ സർവേയാണ് ട്രംപിന് തിരിച്ചടിയാകുന്ന വിവരങ്ങൾ പുറത്തുവിട്ടത്. 2015ൽ ഒബാമ ഭരണകൂടം ഉണ്ടാക്കിയതിനേക്കാൾ മികച്ചൊരു ഇറാൻ കരാർ കൊണ്ടുവരാൻ ട്രംപിന് സാധിക്കുമെന്ന് വെറും 23 ശതമാനം അമേരിക്കക്കാർ മാത്രമാണ് വിശ്വസിക്കുന്നത്. അതേസമയം, 37 ശതമാനം ആളുകൾ ട്രംപ് ഉണ്ടാക്കാൻ പോകുന്ന കരാർ ഒബാമയുടേതിനേക്കാൾ മോശമായിരിക്കുമെന്നാണ് കരുതുന്നത്. പതിനാല് പോയിന്റിന്റെ വലിയൊരു വ്യത്യാസമാണ് ഈ രണ്ട് അഭിപ്രായങ്ങൾക്കിടയിൽ ഉള്ളത്. 12 ശതമാനം ആളുകൾ രണ്ട് കരാറുകളും ഏതാണ്ട് ഒരേപോലെയായിരിക്കുമെന്ന് പ്രവചിച്ചപ്പോൾ, ബാക്കിയുള്ളവർ കൃത്യമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.

ട്രംപിന്റെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉള്ളിൽ പോലും ഈ വിഷയത്തിൽ പൂർണ്ണമായ പിന്തുണ അദ്ദേഹത്തിനില്ലെന്നത് ശ്രദ്ധേയമാണ്. പകുതിയിലധികം (54 ശതമാനം) റിപ്പബ്ലിക്കൻ വിശ്വാസികൾ മാത്രമാണ് ട്രംപിന് മികച്ചൊരു കരാർ ഉണ്ടാക്കാൻ കഴിയുമെന്ന് കരുതുന്നത്. ഇതിൽ തന്നെ ട്രംപിന്റെ തീവ്ര അനുയായികളായ ‘മാഗ’ റിപ്പബ്ലിക്കൻമാരിൽ 70 ശതമാനം പേരും ട്രംപിനെ പിന്തുണയ്ക്കുമ്പോൾ, കടുത്ത ട്രംപ് അനുയായികളല്ലാത്ത മറ്റ് റിപ്പബ്ലിക്കൻമാർക്കിടയിൽ ഈ പിന്തുണ വളരെ കുറവാണ്. അവരിൽ 27 ശതമാനം പേർ ട്രംപിന് അനുകൂലമായി ചിന്തിക്കുമ്പോൾ 23 ശതമാനം പേർ ഒബാമയുടെ കരാറാണ് മികച്ചതെന്ന് വിശ്വസിക്കുന്നു. ഇറാൻ യുദ്ധവുമായി മുന്നോട്ട് പോകുന്ന ട്രംപ് ഭരണകൂടത്തിന് രാജ്യത്തിനകത്തു നിന്ന് തന്നെ നേരിടേണ്ടി വരുന്ന ജനവിശ്വാസത്തിന്റെ കുറവാണ് ഈ സർവേയിലൂടെ വ്യക്തമാകുന്നത്.

More Stories from this section

family-dental
witywide