മൂന്ന് ദിവസം കൂടി നോക്കുമെന്ന് ഇറാൻ, യുഎസിന് അവസാന മുന്നറിയിപ്പ്; ആക്രമണം തുടർന്നാൽ പൂർണ്ണ തോതിലുള്ള യുദ്ധമെന്ന് ഐആർജിസി

ടെഹ്‌റാൻ: അമേരിക്ക തങ്ങൾക്കെതിരെയുള്ള സൈനിക ആക്രമണങ്ങൾ നിർത്തിവെച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുഎസ് ആക്രമണം രണ്ട് മൂന്ന് ദിവസങ്ങൾ കൂടി തുടരുകയാണെങ്കിൽ രാജ്യം പൂർണ്ണ തോതിലുള്ള പ്രത്യാക്രമണ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമേനിയുടെ സൈനിക ഉപദേശകനും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) മുൻ മേധാവിയുമായ മുഹ്സിൻ റെസായ്യ് വ്യക്തമാക്കി.

ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമമായ ഐആർഐബിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പ് നൽകിയത്. ഇറാനിലെ വിവിധ സങ്കേതങ്ങൾക്ക് നേരെ അമേരിക്ക തുടർച്ചയായ ഏഴാം ദിവസവും വ്യോമാക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ പുതിയ നീക്കം. പൂർണ്ണ തോതിലുള്ള ആക്രമണത്തിലേക്ക് ഇറാൻ കടന്നാൽ തങ്ങളുടെ സൈന്യത്തിന് മുന്നിൽ യാതൊരുവിധ രാഷ്ട്രീയ അതിർത്തികളും സുരക്ഷിതമായിരിക്കില്ലെന്ന് റെസായ്യ് ഓർമ്മിപ്പിച്ചു.

കൂടാതെ, ഇറാന്റെ പൊതു അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾ വരുത്തിവെച്ച കനത്ത നാശനഷ്ടങ്ങൾക്ക് യുഎസ് കൃത്യമായ സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾ പൊതു ജനവാസ മേഖലകളെ ലക്ഷ്യമിട്ടിട്ടില്ലെന്ന വാദത്തിൽ അമേരിക്ക ഉറച്ചുനിൽക്കുകയാണ്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം വീണ്ടും വഷളായത്. ഇതിന് തിരിച്ചടിയായി ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ അറബ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ഇതിനകം തന്നെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിക്കഴിഞ്ഞു. ഇറാന്റെ ഈ കടുത്ത നിലപാടുകൾ പശ്ചിമേഷ്യയെ വീണ്ടുമൊരു വലിയ യുദ്ധമുഖത്തേക്ക് തള്ളിവിടുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.

Also Read

More Stories from this section

family-dental
witywide