പടിഞ്ഞാറൻ ഏഷ്യയിലേക്ക് യുഎസ് വിമാനവാഹിനിക്കപ്പൽ തീയോഡോർ റൂസ്‌വെൽറ്റ് പുറപ്പെടുന്നു, നീണ്ട ദൗത്യത്തിന് സജ്ജരാകാൻ നിർദ്ദേശം

വാഷിംഗ്ടൺ: പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷത്തിലേക്ക് അമേരിക്കൻ നാവികസേനയുടെ യു.എസ്.എസ് തീയോഡോർ റൂസ്‌വെൽറ്റ് വിമാനവാഹിനിക്കപ്പൽ അടിയന്തിരമായി പുറപ്പെടുന്നു. അയ്യായിരത്തോളം വരുന്ന നാവികസേനാ ഉദ്യോഗസ്ഥരുമായി എത്തുന്ന ഈ യുദ്ധക്കപ്പൽ കുറഞ്ഞത് ഏഴു മാസത്തിലേറെ നീളുന്ന ദൗത്യത്തിലായിരിക്കും ഇവിടെ നിലയുറപ്പിക്കുക എന്ന് നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ദൗത്യം ഏഴു മാസത്തിൽ കൂടുതൽ നീളാൻ സാധ്യതയുള്ളതിനാൽ കുറഞ്ഞത് എട്ട് മാസത്തെ സേവനത്തിനായി മുൻകൂട്ടി തയ്യാറെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ ജോൺ പെരിമാൻ വ്യക്തമാക്കി.

തുടർച്ചയായി 250-ലധികം ദിവസങ്ങൾ കടലിൽ ചെലവഴിച്ച ശേഷം തങ്ങളുടെ സേവനം പൂർത്തിയാക്കിയ യു.എസ്.എസ് അബ്രഹാം ലിങ്കൺ എന്ന യുദ്ധക്കപ്പലിലെ നാവികരിൽ കടുത്ത മാനസിക സമ്മർദ്ദം പ്രകടമായെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പുതിയ വിന്യാസം. തുറമുഖങ്ങളിൽ നിർത്താതെ നീണ്ട ദൗത്യങ്ങളിൽ തുടരേണ്ടി വന്നത് നാവികരുടെ മാനസികാരോഗ്യത്തെയും ഇന്ധന-ഭക്ഷ്യ വിതരണത്തെയും പ്രതികൂലമായി ബാധിച്ചതായി പരാതിയുയർന്നിരുന്നു. അബ്രഹാം ലിങ്കണിന് പകരം കഴിഞ്ഞ ആഴ്ച മേഖലയിലെത്തിയ യു.എസ്.എസ് ജോർജ്ജ് വാഷിംഗ്ടണിന് പകരമായാണ് റൂസ്‌വെൽറ്റ് ഇപ്പോൾ ചുമതലയേൽക്കുന്നത്.

ഇതിനുപുറമേ, യു.എസ്.എസ് ജോർജ്ജ് എച്ച്.ഡബ്ല്യു ബുഷ് എന്ന വിമാനവാഹിനിക്കപ്പലും നിലവിൽ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇറാനുമായുള്ള യുദ്ധസമാനമായ സാഹചര്യങ്ങൾ യു.എസ് നാവികസേനയ്ക്ക് മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് ചീഫ് ഓഫ് നാവിക ഓപ്പറേഷൻസ് അഡ്മിറൽ ഡാരിൽ കോഡിൽ സമ്മതിച്ചു. ദൗത്യങ്ങളുടെ കാലയളവിൽ കൃത്യത വരുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും നിലവിലെ യുദ്ധ സാഹചര്യങ്ങൾ പലപ്പോഴും ഇതിന് തടസ്സമാകാറുണ്ടെന്നും ശത്രുക്കളുടെ നീക്കങ്ങൾക്കനുസരിച്ച് തങ്ങൾക്ക് പലപ്പോഴും പ്ലാനുകൾ മാറ്റേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide