
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി ഇസ്ലാമിക റിപ്പബ്ലിക് ഭരണകൂടം രൂപീകരിച്ച പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിറ്റി, തങ്ങളുടെ ചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ കപ്പലുകളുടെ പുതിയ പട്ടിക തിങ്കളാഴ്ച പുറത്തിറക്കി. ഈ കപ്പലുകൾക്ക് ഇൻഷുറൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകരുതെന്ന് മാരിടൈം ഇൻഷുറർമാർക്കും മറ്റ് വ്യവസായ സ്ഥാപനങ്ങൾക്കും അതോറിറ്റി മുന്നറിയിപ്പ് നൽകി.
സാധ്യമായ സാമ്പത്തിക ബാധ്യതകളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള കപ്പലുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിൽ നിന്ന് ഇൻഷുറൻസ് കമ്പനികൾ വിട്ടുനിൽക്കണമെന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ അതോറിറ്റി വ്യക്തമാക്കി. യുഎസ് നേവിയുടെ അകമ്പടിയോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കയറ്റുമതിയുടെ പ്രതിവാര ശരാശരി ഉയരുന്നുണ്ടെന്നും അത് തുടരുമെന്നും യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് വ്യക്തമാക്കിയതിന് പിന്നാലെയാണ് പിജിഎസ്എ ഈ പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
കടലിടുക്കിലൂടെ കടന്നുപോകാൻ ആഗ്രഹിക്കുന്ന എല്ലാ കപ്പലുകളും PGSA-യുമായി ആലോചിച്ച് മാത്രമേ പോകാവൂ എന്നാണ് ഇറാൻ നിർബന്ധിക്കുന്നത്. ഈ നിർദ്ദേശം അവഗണിച്ച് ഒമാൻ തീരത്തോട് ചേർന്നുള്ള തെക്കൻ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ഇറാൻ നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിടാറുണ്ട്. ഈ പാതയിലൂടെയാണ് യുഎസ് സൈന്യം കപ്പലുകൾക്ക് അകമ്പടി സേവിക്കുന്നത്.













