യുദ്ധം അവസാനിച്ച ശേഷവും അമേരിക്ക ഇറാനിൽ തുടരുകയും രാജ്യത്തിന്റെ എണ്ണസമ്പത്തിൽ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തേക്കാമെന്ന് സൂചിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വെനസ്വേലയിൽ നിക്കോളാസ് മഡുറോയ്ക്ക് പിന്നാലെ അമേരിക്ക സ്വീകരിച്ച നടപടികളുമായി താരതമ്യം ചെയ്താണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അയർലൻഡ് സന്ദർശനത്തിനിടെ നടന്ന ഐറിഷ് ഓപ്പൺ ഗോൾഫ് ചാമ്പ്യൻഷിപ്പിൽ സംസാരിക്കവെയാണ് ട്രംപിന്റെ പരാമർശം.
യുദ്ധം അവസാനിച്ചാൽ അമേരിക്ക ഇറാനിൽ നിന്ന് പിന്മാറുമെന്നാണ് താൻ കരുതുന്നതെന്നും, എന്നാൽ വെനസ്വേലയിലേതുപോലെ ഇറാന്റെ എണ്ണ നിയന്ത്രണത്തിൽ നിലനിർത്താൻ തീരുമാനിച്ചാൽ അവിടെ തുടരാമെന്നും ട്രംപ് പറഞ്ഞു. നവംബറിൽ നടക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ, “ഒരുപക്ഷേ അതിന് മുമ്പുതന്നെ” യുദ്ധം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
കരാറിനായി ഇറാൻ നിരന്തരം അമേരിക്കയെ സമീപിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാൽ അമേരിക്ക മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കുന്ന കരാർ മാത്രമേ സ്വീകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. “നമുക്ക് ശരിയായ കരാർ ഉണ്ടാക്കണം. നല്ല കരാറല്ലെങ്കിൽ അത് ഞാൻ അംഗീകരിക്കില്ല,” ട്രംപ് പറഞ്ഞു. സംഘർഷം തുടരുന്നതിനിടെ ആഗോള ഊർജ വിപണിയിലും വലിയ പ്രത്യാഘാതമാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. യുഎസിൽ ഡീസൽ വില ഗാലന് 6.20 ഡോളറിന് മുകളിലെത്തി റെക്കോർഡ് ഉയരത്തിലെത്തി. യുദ്ധം അവസാനിച്ചാൽ അമേരിക്കയിലെ പെട്രോൾ വില “പാറപോലെ താഴേക്ക് ഇടിയും” എന്നും ട്രംപ് പറഞ്ഞു.
ജനുവരി 3ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ യുഎസ് സൈനിക നടപടിയുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വെനസ്വേല പരാമർശം. മാസങ്ങളോളം ആസൂത്രണം ചെയ്ത ശേഷമാണ് ഓപ്പറേഷൻ നടത്തിയതെന്നും മഡുറോയുടെ സുരക്ഷാ കേന്ദ്രത്തിന്റെ മാതൃകയിൽ പരിശീലനം ഉൾപ്പെടെ യുഎസ് സ്പെഷ്യൽ ഫോഴ്സ് വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. മഡുറോയുടെ നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങളും സിഐഎ നൽകിയിരുന്നു. കാരക്കാസിൽനിന്ന് മഡുറോയെയും ഭാര്യയെയും യുഎസ് സേന പിടികൂടി അമേരിക്കയിലെത്തിച്ച് ക്രിമിനൽ കുറ്റങ്ങൾ നേരിടാൻ ഹാജരാക്കി. ട്രംപ് ഭരണകൂടം മാസങ്ങളോളം നടത്തിയ സമ്മർദത്തിന് പിന്നാലെയായിരുന്നു നടപടി.
തുടർന്ന് വെനസ്വേലയുടെ എണ്ണമേഖലയിൽ അമേരിക്ക നിർണായക പങ്ക് ഏറ്റെടുക്കാൻ നീക്കം നടത്തി. എണ്ണ വിൽപ്പന നിയന്ത്രിക്കുന്നതും രാജ്യത്തിന്റെ വൻതോതിലുള്ള ക്രൂഡ് ഓയിൽ ശേഖരത്തിലേക്ക് യുഎസ് താൽപര്യങ്ങൾക്ക് പ്രവേശനം ഉറപ്പാക്കുന്ന ക്രമീകരണങ്ങൾ പിന്തുടരുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇറാന്റെ കാര്യത്തിലും സമാനമായ സാമ്പത്തിക മാതൃക പരിഗണിക്കാനുള്ള സാധ്യതയാണ് ട്രംപിന്റെ പുതിയ പരാമർശങ്ങൾ ഉയർത്തുന്നത്. സുരക്ഷാ ലക്ഷ്യങ്ങൾക്കൊപ്പം ഇറാന്റെ വൻ എണ്ണസമ്പത്തിലേക്കുള്ള പ്രവേശനവും ദീർഘകാല യുഎസ് സാന്നിധ്യത്തിന്റെ ഭാഗമാകുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
Trump eyes Iran oil, hints at Venezuela-style US control after wa













