
നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിന് കാരണം ടിബറ്റൻ മേഖലയിലുണ്ടായ ഭൂചലനമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി. ടിബറ്റിൽ രേഖപ്പെടുത്തിയ 4.4 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് വൻ ഹിമപാതവും മണ്ണിടിച്ചിലും ഉണ്ടാകുകയും, ഇത് നദിയിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി പ്രളയത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. ദുരന്തത്തിൽ മരണസംഖ്യ 95 ആയി ഉയർന്നു.
രസുവ ജില്ലയിലെ ഭോട്ടെകോശി നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ സ്യാപ്രു ബെസി, തിമൂരെ മേഖലകളിലെ ഗ്രാമങ്ങളും മാർക്കറ്റുകളും പൂർണമായി ഒലിച്ചുപോയി. 13 പ്രധാന ജലവൈദ്യുത പദ്ധതികൾക്കും ട്രാൻസ്മിഷൻ ലൈനുകൾക്കും തകരാർ സംഭവിച്ചു. 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡും തകർന്നതോടെ ഗതാഗതമാർഗ്ഗങ്ങൾ പൂർണ്ണമായി സ്തംഭിച്ചു. ചൈന അതിർത്തിയിലെ വൻ മണ്ണിടിച്ചിൽ കാരണം വാർത്താവിനിമയ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.
105 ഇന്ത്യക്കാരടക്കം 384 വിനോദസഞ്ചാരികളെയും ഡ്യൂട്ടിയിലുണ്ടായിരുന്ന 33 സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണ്. അതേസമയം, വഴിയിൽ കുടുങ്ങിയ 36 അംഗ മലയാളി വിനോദസഞ്ചാരികളുടെ സംഘം നിലവിൽ സുരക്ഷിതരാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
നേപ്പാൾ സൈന്യവും ദുരന്തനിവാരണ സേനയും ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. നേപ്പാൾ സർക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതായി വ്യക്തമാക്കിയ ഇന്ത്യൻ എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായുമായി സംസാരിക്കുകയും ഇന്ത്യ ഉടൻ ദുരിതാശ്വാസ സാമഗ്രികൾ അയക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
നേപ്പാളിലെ പ്രളയ പശ്ചാത്തലത്തിൽ ഗണ്ഡക്, നാരായണി നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും ബീഹാറിലും കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബീഹാർ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു.
Earthquake-Triggered Avalanche Causes Nepal Flash Floods: Death Toll Rises to 66; 384 Missing Including 105 Indians














