ഇറാന് കനത്ത തിരിച്ചടി, യുഎസിന് വഴങ്ങി സുപ്രധാന നീക്കവുമായി ഇറാഖ്; നജാഫ് വിമാനത്താവളത്തിലെ ഇറാനിയൻ വിമാന സർവീസുകൾ ഇറാഖ് നിർത്തിവെച്ചു

ദോഹ: യുഎസ് ഉപരോധം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇറാനിലേക്കുള്ള എല്ലാ സർവീസുകളും വെള്ളിയാഴ്ച മുതൽ താൽക്കാലികമായി നിർത്തിവെച്ചതായി ഷിയാ മുസ്ലീങ്ങളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ ഇറാഖിലെ നജാഫ് വിമാനത്താവളം ഡയറക്ടർ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക നിർദ്ദേശപ്രകാരമാണ് നജാഫ് വിമാനത്താവളവും ഇറാനും തമ്മിലുള്ള എല്ലാ സർവീസുകളും നിർത്തിവെച്ചതെന്ന് ഡയറക്ടർ ഹുസൈൻ മുഹന്ന വ്യക്തമാക്കി.

ബാഗ്ദാദിന് തെക്കുള്ള ഈ വിശുദ്ധ നഗരത്തിലെ വിമാനത്താവളം ഇറാനിയൻ വിമാനങ്ങളുടെ പ്രധാന ഹബ്ബുകളിൽ ഒന്നാണ്. ഇറാഖിലെ ഷിയാ തീർത്ഥാടകരെ ഇറാനിലെ പുണ്യസ്ഥലങ്ങളിലേക്കും, തിരിച്ചും എത്തിക്കുന്നത് ഈ സർവീസുകൾ വഴിയാണ്. കൂടാതെ ഇറാനിൽ പഠിക്കുന്ന ഇറാഖി വിദ്യാർത്ഥികളും അവിടെ പോയി ചികിത്സ തേടുന്ന രോഗികളും ഈ യാത്രാമാർഗ്ഗത്തെയാണ് ആശ്രയിച്ചിരുന്നത്.ഷിയാ ഭൂരിപക്ഷ രാജ്യങ്ങളായ ഇറാഖും അയൽരാജ്യമായ ഇറാനും തമ്മിലുള്ള ബന്ധം മതപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാൽ വളരെ ആഴത്തിലുള്ളതാണ്.

യു.എസ് ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഉൾപ്പെടെയുള്ള മറ്റ് ചില രാജ്യങ്ങൾക്ക് പുറമെ ഇറാഖും ഇറാനിയൻ എയർലൈനുകൾക്ക ഏർപ്പെടുത്തിയ വിലക്ക് നടപ്പിലാക്കുമെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള വിവിധ സ്രോതസ്സുകൾ വ്യക്തമാക്കുന്നു. ഇറാനിയൻ എയർലൈനുകൾ ബുധനാഴ്ചയോടെ പൂർണ്ണമായി പ്രവർത്തനരക്ഷമമല്ലാതായി തീരുമെന്നും, ഇതിനെ അവഗണിക്കുന്ന രാജ്യങ്ങൾക്ക് യു.എസ് ഡോളർ സിസ്റ്റത്തിൽ നിന്ന് പുറത്താക്കുമെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഫെബ്രുവരിയിൽ മിഡിൽ ഈസ്റ്റ് യുദ്ധം ആരംഭിച്ചതുമുതൽ ഇറാഖി എയർലൈനുകൾ ഇറാനിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചിരുന്നു. ഇതിനുശേഷവും ഇറാനിയൻ എയർലൈനുകൾക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കാവുന്ന ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായി ഇറാഖ് തുടരുകയായിരുന്നു.

Also Read

More Stories from this section

family-dental
witywide