
ടെഹ്റാൻ: അമേരിക്കൻ ഉപരോധ നിഴലിലുള്ള ഇറാനിയൻ വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തിയും വിമാനത്താവളങ്ങളും അടയ്ക്കാൻ ഇറാഖ് തീരുമാനിച്ചു. യുഎസ് ട്രഷറി വകുപ്പിന്‍റെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെ ചൊവ്വാഴ്ച പുലർച്ചെ മുതൽ വിലക്ക് നിലവിൽ വരുമെന്ന് ഇറാഖ് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഉപരോധ നിർദ്ദേശം പാലിക്കാത്ത രാജ്യങ്ങൾക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇറാഖിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.
നേരത്തെ, സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് ഇറാനിയൻ വിമാനക്കമ്പനികൾക്ക് നൽകുന്ന സേവനങ്ങൾക്കെതിരെ ശക്തമായ താക്കീത് നൽകിയിരുന്നു. ഇറാനിയൻ വിമാനങ്ങൾക്ക് ഇന്ധനം നൽകുന്നതിനും ലാൻഡിംഗ് സേവനങ്ങൾ നൽകുന്നതിനും ടിക്കറ്റ് വിൽക്കുന്നതിനും വിലക്കുണ്ട്. ഇത്തരം സഹായങ്ങൾ നൽകുന്ന രാജ്യങ്ങളെയോ സ്ഥാപനങ്ങളെയോ അന്താരാഷ്ട്ര ഡോളർ ഇടപാട് ശൃംഖലയിൽ നിന്ന് പൂർണ്ണമായി പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി അവസാനത്തിൽ യുഎസും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെ തുടർന്ന് ഇറാന്റെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് ഘട്ടംഘട്ടമായി സർവീസുകൾ പുനരാരംഭിച്ചെങ്കിലും ഇറാനിയൻ വിമാനക്കമ്പനികൾക്ക് മാത്രമായിരുന്നു സർവീസ് നടത്താൻ അനുമതിയുണ്ടായിരുന്നത്. എന്നാൽ, ഇറാഖിന്റെ പുതിയ നിരോധനത്തോടെ ഇറാന്റെ വിദേശ വ്യോമയാന സർവീസുകൾ കൂടുതൽ പ്രതിസന്ധിയിലാകും.














