തന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ പ്രവർത്തനം വൈകുന്നതിൽ രൂക്ഷവിമർശനവുമായി ശതകോടീശ്വരൻ ഇലോൺ മസ്ക്. ‘അംബാനി ആണോ ഇന്ത്യയിലെ യഥാർഥ ബോസ്’ എന്ന ചോദ്യമാണ് എക്സിലൂടെ മസ്ക് ഉയർത്തിയത്. ലോകത്തെ 165-ലധികം രാജ്യങ്ങളിൽ നിലവിൽ സ്റ്റാർലിങ്ക് വിജയകരമായി പ്രവർത്തിക്കുന്നുണ്ടെന്നും, ഇന്ത്യയിലെ എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കഴിഞ്ഞ അഞ്ച് വർഷമായി ലൈസൻസിനായി ശ്രമിച്ചിട്ടും അനുമതി ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
സുരക്ഷാ പരിശോധനകളുടെയും ലൈസൻസിംഗ് നടപടികളുടെയും പേരിൽ കാത്തിരിപ്പ് നീളുന്നതോടെയാണ് അംബാനിയെ ലക്ഷ്യമിട്ട് മസ്ക് കടുത്ത ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. ഇന്ത്യയിലെ ഇന്റർനെറ്റ് വിപണിയിൽ കുത്തക പുലർത്തുന്ന പ്രാദേശിക ടെലികോം ഭീമന്മാരുടെ ഇടപെടലുകളാണ് സ്റ്റാർലിങ്കിന്റെ വരവ് വൈകിപ്പിക്കുന്നതെന്നാണ് മസ്കിന്റെ ആരോപണം. സ്റ്റാർലിങ്കിന്റെ കടന്നുവരവ് തടയാൻ ചില പ്രഭുക്കൻമാർ ശ്രമിക്കുന്നുണ്ടെന്ന് തൊട്ടുമുൻപത്തെ ദിവസവും മസ്ക് വിമർശനം ഉന്നയിച്ചിരുന്നു.
ഡയറക്ട് ടു ഹോം (DTH) ഡിഷ് ടിവി സേവനത്തിന് സമാനമായി കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിനകൾ വഴിയാണ് സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള ജി എം പി സി എസ് (GMPCS) ലൈസൻസ് കമ്പനിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും അന്തിമ സുരക്ഷാ അനുമതികൾ വൈകുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. തുടർച്ചയായ രണ്ടാം ദിവസവും മസ്ക് നേരിട്ട് അമർഷം രേഖപ്പെടുത്തിയതോടെ വിഷയം വൻ ചർച്ചയായിട്ടുണ്ട്.
“Is Ambani the Real Boss of India?” Elon Musk Hits Out Over Delay in Starlink License















