രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂർവം സുരക്ഷ പിൻവലിച്ചതിനാലെന്ന് രാഹുൽ; സുരക്ഷ കർശനമാക്കിയില്ലെങ്കിൽ പിതാവിന്റെ സംസ്കാരത്തിനായിരിക്കും ഇനി മടങ്ങിയെത്തുകയെന്ന് അന്ന് രാഹുൽ പറഞ്ഞതായി സോണിയ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ സുരക്ഷ മനഃപൂർവം പിൻവലിച്ചതുകൊണ്ടാണെന്ന ഗുരുതര ആരോപണവുമായി മകനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. സുരക്ഷ പിൻവലിച്ചതിന് പിന്നിൽ പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം നടത്തിയ ചർച്ചയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. 1991-ൽ ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതിന് പിന്നാലെ രാജീവ് ഗാന്ധിയുടെ സുരക്ഷ കേന്ദ്രം പിൻവലിക്കുകയും തുടർന്ന് മെയ് 21-ന് ശ്രീപെരുമ്പത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം കൊല്ലപ്പെടുകയുമായിരുന്നു.

അന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധിയുടെ സുരക്ഷയിൽ രാഹുൽ പലപ്പോഴും ആശങ്ക പ്രകടിപ്പിച്ചിരുന്നതായി സോണിയ ഗാന്ധിയും വെളിപ്പെടുത്തി. ബിഹാറിൽ ഓപ്പൺ ജീപ്പിലിരുന്നുകൊണ്ടുള്ള പ്രചാരണത്തിനിടെ കല്ലേറുണ്ടായ സംഭവവും അന്ന് ഒപ്പമുണ്ടായിരുന്ന രാഹുൽ വീട്ടിലെത്തി ആശങ്ക പങ്കുവെച്ചതും സോണിയ ഓർത്തെടുത്തു. പിതാവിന്റെ സുരക്ഷ കർശനമാക്കിയില്ലെങ്കിൽ ഇനി താൻ നാട്ടിലെത്തുക അദ്ദേഹത്തിന്റെ സംസ്കാരത്തിനായിരിക്കുമെന്നാണ് തോന്നുന്നതെന്ന് വിദേശത്തെ പഠനത്തിനായി മടങ്ങവെ രാഹുൽ പറഞ്ഞിരുന്നതായും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.

500-ലധികം പേജുകളുള്ള പുസ്തകത്തിലും അമ്മ ചില കാര്യങ്ങൾ വിട്ടുകളഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി, പ്രണയാഭ്യർത്ഥനയും തന്റെ ഏഴാം പിറന്നാളും പ്ലാൻ ചെയ്തതുപോലെ നടന്നില്ലെന്ന് ഓർത്തെടുത്തു. 2004-ൽ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന അമ്മയുടെ തീരുമാനം തങ്ങളിൽ ചിലർക്ക് ആശ്വാസവും മറ്റുള്ളവർക്ക് സന്തോഷവുമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വലിയ സ്നേഹവും ദുരന്തങ്ങളും നിറഞ്ഞ ജീവിതയാത്രയെ അന്തസ്സോടെയും ധൈര്യത്തോടെയുമാണ് അമ്മ നേരിട്ടതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Rahul Gandhi Alleges Rajiv Gandhi Was Assassinated Due to Intentional Withdrawal of Security; Sonia Gandhi Recalls His Early Warnings

More Stories from this section

family-dental
witywide