അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേൽ- ലെബനൻ ധാരണ; ഹിസ്ബുള്ള ആക്രമണം നിർത്തിയാൽ വെടിനിർത്തൽ പുനഃസ്ഥാപിക്കും

വാഷിങ്ടൺ: ഹിസ്ബുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുകയാണെങ്കിൽ വെടിനിർത്തൽ കരാർ വീണ്ടും നടപ്പാക്കാൻ ഇസ്രയേലും ലെബനനും ധാരണയിലെത്തി. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന നാലാംഘട്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ആക്രമണങ്ങൾ പൂർണമായും അവസാനിപ്പിക്കണമെന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിലെ പ്രധാന നിബന്ധന. ലെബനനിൽ ഹിസ്ബുള്ള പ്രവർത്തകരെ അനുവദിക്കാത്ത പ്രത്യേക സുരക്ഷാ മേഖലകൾ രൂപീകരിക്കാനും കരാറിൽ വ്യവസ്ഥയുണ്ട്. ഇസ്രായേൽ അതിർത്തിക്കും ലിറ്റാനി നദിക്കും ഇടയിലുള്ള പ്രദേശത്ത് നിന്ന് ഹിസ്ബുള്ള അംഗങ്ങളെ പൂർണമായും ഒഴിപ്പിക്കണമെന്നാണ് പ്രധാന നിബന്ധന.

അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, ലെബനന്റെ ഭാവിയെ ഒരു രാജ്യത്തിനോ സർക്കാരിതര സംഘടനകൾക്കോ നിയന്ത്രിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ബുധനാഴ്ച വാഷിങ്ടണിൽ കരാർ പ്രഖ്യാപിക്കുമ്പോഴും അതിർത്തി മേഖലയിൽ സംഘർഷം തുടരുകയായിരുന്നു. തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിനുപിന്നാലെ ഹിസ്ബുള്ള വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടത്തി.

കരാർ പ്രകാരം, ഇസ്രായേൽ അതിർത്തിക്കും അതിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ വടക്കുള്ള ലിറ്റാനി നദിക്കും ഇടയിലുള്ള പ്രദേശത്ത് നിന്ന് ഹിസ്ബുല്ല പ്രവർത്തകരെ പൂർണമായും ഒഴിപ്പിക്കണം. നിലവിൽ ഈ മേഖലയുടെ ചില ഭാഗങ്ങൾ ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇതോടൊപ്പം, ലെബനൻ സായുധ സേനയ്ക്ക് മാത്രമായി നിയന്ത്രണമുള്ള പ്രത്യേക ‘പൈലറ്റ് സുരക്ഷാ മേഖലകൾ’ രൂപീകരിക്കുന്നതിനും അമേരിക്ക സഹായം നൽകും. എന്നാൽ ഈ മേഖലകൾ എവിടെയായിരിക്കുമെന്നതോ അവ എങ്ങനെ പ്രവർത്തിക്കുമെന്നതോ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

തിങ്കളാഴ്ച പ്രഖ്യാപിച്ച ഭാഗിക വെടിനിർത്തൽ കരാറിന്റെ തുടർച്ചയായാണ് പുതിയ ധാരണ. ഹിസ്ബുള്ള ആക്രമണം നടത്താത്ത പക്ഷം ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ ആക്രമണം നടത്തില്ലെന്നായിരുന്നു മുൻ ധാരണ. സമഗ്ര കരാറിലെത്തുന്നതിനായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ജൂൺ 22ന് വീണ്ടും ചർച്ചകൾ നടത്തും.

അതേസമയം, കരാറിനെതിരെ ഇസ്രയേലിൽ വിമർശനം ഉയർന്നിട്ടുണ്ട്. ഹിസ്ബുള്ളയ്ക്ക് കൂടുതൽ ശക്തിപ്രാപിക്കാൻ ഈ കരാർ അവസരമൊരുക്കുമെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ-ഗ്വിർ ആരോപിച്ചു. മാർച്ച് മുതൽ തുടരുന്ന സംഘർഷത്തിൽ ഇതുവരെ 3,500ലധികം പേർ ലെബനനിൽ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പത്ത് ലക്ഷത്തിലധികം പേർക്ക് സ്വന്തം വീടുകൾ വിട്ട് സുരക്ഷിത മേഖലകളിലേക്ക് മാറേണ്ടിവന്നതായും ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. എന്നാൽ, യുദ്ധം അവസാനിപ്പിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമമായാണ് പുതിയ കരാറിനെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.

Israel and Lebanon agree to implement ceasefire if Hezbollah stops attacks

More Stories from this section

family-dental
witywide