
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വൻ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കോക്കറോച്ച് ജനതാ പാർട്ടി (സി ജെ പി) ഭാവി രാഷ്ട്രീയ – പ്രക്ഷോഭ തന്ത്രങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ അറിയിച്ചു. ജന്തർ മന്തറിലെ സമരം വിജയകരമായി അവസാനിച്ചതിന് പിന്നാലെ ദേശീയ തലത്തിലെ ഈ മുന്നേറ്റം തുടരുമെന്നും, പഞ്ചാബിൽ റിപ്പോർട്ട് ചെയ്ത ഫാർമസി ഓഫീസർ നിയമന പരീക്ഷയടക്കമുള്ള ചോദ്യപേപ്പർ ചോർച്ച വിഷയത്തിലും സംഘടന ശക്തമായി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ് ഐ ആറുകൾ പൂർണ്ണമായും പിൻവലിക്കണമെന്നും സി ജെ പി ആവശ്യപ്പെട്ടു.
സമരത്തിന്റെ തുടർനടപടികൾക്കും വിദ്യാർത്ഥികൾക്കെതിരെയുള്ള നിയമനടപടികൾ നേരിടുന്നതിനുമായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം പിയുമായ കപിൽ സിബലുമായി അഭിജിത് ദീപ്കെ കൂടിക്കാഴ്ച നടത്തി നിയമോപദേശം തേടിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കടുത്ത പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.
അതേസമയം, ഡൽഹിയിൽ സി ജെ പി സമരത്തിന് നേരെ പൊലീസും കേന്ദ്രസേനയും നടത്തിയ അതിക്രമങ്ങളിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് മൂന്ന് ഹർജികളിൽ വാദം കേൾക്കുന്നത്. കേസിന്റെ വിശദാംശങ്ങൾ കൃത്യമായി ധരിപ്പിച്ചാൽ സുപ്രീംകോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് മുൻപ് വ്യക്തമാക്കിയിരുന്നു.
CJP Founder Abhijit Dipke Announces Upcoming Protests; Seeks Withdrawal of FIRs Against Students















