അപ്രതീക്ഷിതം, ഞെട്ടൽ മാറാതെ ഇറാൻ; കാസ്പിയൻ കടലിലെ ഇറാനിയൻ കപ്പലിന് നേരെ യുക്രൈൻ ആക്രമണം; പ്രതിഷേധവുമായി ഇറാൻ

ടെഹ്റാൻ: റഷ്യയുമായുള്ള രാജ്യത്തിന്റെ പ്രധാന വ്യാപാര പാതയായ കാസ്പിയൻ കടലിൽ സർവീസ് നടത്തുന്ന ഇറാനിയൻ കപ്പലിന് നേരെ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ഇറാൻ. ആക്രമണത്തിൽ കപ്പലിലെ ഒരു നാവികൻ കൊല്ലപ്പെടുകയും മൂന്ന് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഗവർണർ ഹാദി ഹഖ്-ഷെനാസ് അറിയിച്ചു. അസ്ട്രഖാനിൽ നിന്ന് അൻസാലിയിലേക്ക് ഇരുമ്പ് ഉൽപ്പന്നങ്ങളുമായി സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേരെ ശനിയാഴ്ചയാണ് യുക്രൈൻ ദൂരവ്യാപ്തിയുള്ള ഡ്രോൺ ആക്രമണം നടത്തിയത്.

വാണിജ്യ ഇടപാടുകൾക്ക് സുരക്ഷിതവും വിശ്വസ്തവുമായ കടൽപ്പാതയിലാണ് ആക്രമണം ഉണ്ടായതെന്ന് ഹാദി വ്യക്തമാക്കി. ആക്രമണം ഇറാനോട് യുക്രൈൻ കാണിക്കുന്ന യുക്തിരഹിതവും ശത്രുതാപരവുമായ നിലപാടിന്റെ തുടർച്ചയാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. യുക്രൈൻ ഭരണകൂടത്തിന്റെ സാഹസികതയുടെ പ്രത്യാഘാതങ്ങൾക്ക് ആ ഭരണകൂടവും അവരെ പിന്തുണയ്ക്കുന്നവരും മാത്രമായിരിക്കും ഉത്തരവാദികളെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ യുക്രൈൻ ചാർജ് ഡി അഫയേഴ്സിനെ ഇറാൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.

അതേസമയം, ഇറാനിൽ നിന്ന് റഷ്യയിലേക്ക് സൈനിക സാമഗ്രികൾ കടത്തുകയായിരുന്ന കപ്പലുകളെയാണ് കാസ്പിയൻ കടലിൽ വെച്ച് ലക്ഷ്യമിട്ടതെന്ന് യുക്രൈൻ അവകാശപ്പെട്ടു. കാസ്പിയൻ കടലിൽ നടത്തിയ ദൂരവ്യാപ്തി ആക്രമണങ്ങളിൽ മികച്ച ഫലം കൈവരിക്കാൻ സാധിച്ചതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി എക്സിൽ കുറിച്ചു. സൈനിക വസ്തുക്കൾ കൊണ്ടുപോയ കപ്പലുകൾക്ക് പുറമെ ഒരു യുദ്ധക്കപ്പലും ആക്രമണത്തിൽ ഉൾപ്പെടുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

മറ്റൊരു സംഭവവികാസത്തിൽ, അമേരിക്കയും കാസ്പിയൻ കടൽ തീരത്തെ കേന്ദ്രങ്ങൾക്ക് നേരെ അടുത്തിടെ ആക്രമണം നടത്തിയതായി ഇറാനിയൻ അധികൃതർ വെളിപ്പെടുത്തി. ഇറാനിലെ ലക്ഷ്യസ്ഥാനങ്ങൾ അമേരിക്ക വിപുലീകരിക്കുന്നതിന്റെ ഭാഗമായി, വെള്ളിയാഴ്ച പുലർച്ചെ സിബാകെനാർ മേഖലയിലെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ നാവിക താവളത്തിന് നേരെ വ്യോമാക്രമണം ഉണ്ടായതായി ഗീലാൻ ഗവർണറേറ്റ് സ്ഥിരീകരിച്ചു.

Also Read

More Stories from this section

family-dental
witywide