
ജറുസലേം: വടക്കൻ ഇസ്രായേലിന് നേരെ ഇറാൻ അനുകൂല സായുധ സംഘടനയായ ഹിസ്ബുള്ള നടത്തുന്ന ആക്രമണങ്ങൾ തുടർന്നാൽ, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ ഭാഗമായ ദാഹിയേ മേഖലയിൽ ശക്തമായ വ്യോമാക്രമണം നടത്താൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രായേൽ പ്രതിരോധ സേനയ്ക്കും അമേരിക്കയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അവകാശപ്പെട്ടു. ഇറാനുമായി ഒരു നയതന്ത്ര ധാരണയിലെത്താനുള്ള അമേരിക്കൻ ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം വരെ ബെയ്റൂട്ടിൽ വൻതോതിലുള്ള ആക്രമണങ്ങൾ നടത്തുന്നതിൽ നിന്ന് ഇസ്രായേൽ സൈന്യം വിട്ടുനിൽക്കുകയായിരുന്നുവെന്നും അദ്ദേഹം ചൊവ്വാഴ്ച വെളിപ്പെടുത്തി.
തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ, ഹിസ്ബുള്ളയ്ക്ക് തിരിച്ചടി നൽകാനായി ലെബനനിൽ ആക്രമണം നടത്താനുള്ള ഇസ്രായേലിന്റെ താല്പര്യം നെതന്യാഹു വ്യക്തമാക്കിയതായി കാറ്റ്സ് പറഞ്ഞപ. ഇസ്രായേൽ നഗരങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് മറുപടിയായി ബെയ്റൂട്ടിൽ തിരിച്ചടി നൽകുമെന്ന ഇസ്രായേലിന്റെ നിലപാടിനെ അമേരിക്കൻ ഭരണകൂടം അംഗീകരിക്കുകയും ഇക്കാര്യം ലെബനൻ സർക്കാരിനെയും മറ്റ് ബന്ധപ്പെട്ട കക്ഷികളെയും ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി അവകാശപ്പെട്ടു. എന്നാൽ ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ ഈ പ്രസ്താവനയോട് പ്രതികരിക്കാൻ വൈറ്റ് ഹൌസ് ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം, ഇറാനുമായി ഒരു പ്രാഥമിക കരാറിലെത്താനുള്ള തന്റെ ശ്രമങ്ങളെ ബാധിക്കുമെന്നതിനാൽ ലെബനനിലെ സൈനിക നീക്കങ്ങൾ പരിമിതപ്പെടുത്താൻ ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ആക്രമണ പദ്ധതികളോടുള്ള തന്റെ ശക്തമായ വിയോജിപ്പ് ട്രംപ് നെതന്യാഹുവിനെ കടുത്ത ഭാഷയിൽ അറിയിച്ചതായും വിവരമുണ്ട്. എന്നാൽ ഇസ്രായേൽ നഗരങ്ങൾ ആക്രമിക്കപ്പെടുമ്പോൾ ബെയ്റൂട്ട് മാത്രം ശാന്തമായിരിക്കുന്ന അവസ്ഥ ഇനി ഉണ്ടാകില്ലെന്നും ലബനന്റെ തെക്കൻ മേഖലകൾ വരാനിരിക്കുന്ന ശക്തമായ ആക്രമണങ്ങളെ നേരിടാൻ തയ്യാറായിക്കൊള്ളാനും ഇസ്രായേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി.















