ഇറാൻ-യുഎസ് കരാർ നീക്കത്തിനെതിരെ ഇസ്രായേലിൽ കനത്ത ആശങ്ക; യുദ്ധത്തിൽ ജയിച്ചിട്ടും നയതന്ത്രത്തിൽ പരാജയപ്പെട്ടെന്ന് മാധ്യമ വിമർശനം

ജറുസലേം: അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെക്കാനൊരുങ്ങുന്ന സമാധാന കരാറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇസ്രായേലി മാധ്യമങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും കനത്ത പ്രതിഷേധവും ആശങ്കയും പുകയുന്നു. വരാനിരിക്കുന്ന കരാർ മിഡിൽ ഈസ്റ്റിൽ ടെഹ്റാന്റെ ശക്തി വർദ്ധിപ്പിക്കുമെന്നും ഇസ്രായേലിന്റെ താല്പര്യങ്ങളെ പൂർണ്ണമായി ഹനിക്കുമെന്നുമാണ് പ്രമുഖ ഇസ്രായേലി മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

പ്രമുഖ ഇസ്രായേലി ദിനപത്രമായ ‘മാരിവ്’ൽ എഴുതിയ ലേഖനത്തിൽ പ്രശസ്ത കോളം എഴുത്തുകാരൻ ബെൻ കാസ്പിറ്റ്, പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ചില യുദ്ധങ്ങളിൽ ജയിച്ചിട്ടുണ്ടാകാം എന്നാൽ ഇറാനുമായുള്ള വലിയ പോരാട്ടത്തിൽ ഇസ്രായേൽ പരാജയപ്പെട്ടുവെന്ന് തുറന്നടിച്ചു. സമീപവർഷങ്ങളിൽ ഹമാസ്, ഹിസ്ബുള്ള, ഇറാൻ എന്നിവർക്കെതിരെ ഇസ്രായേൽ നേടിയ സൈനിക വിജയങ്ങളേക്കാൾ വലിയ ആഘാതമാണ് തൊട്ടുപിന്നാലെ നേരിട്ട ഈ രാഷ്ട്രീയ തകർച്ചയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നയതന്ത്ര തലത്തിലെ പരാജയം കാരണം വരാനിരിക്കുന്ന കരാറിന്റെ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ പോലും ഇസ്രായേലിന് കഴിഞ്ഞില്ലെന്ന് മാരിവിലെ മറ്റൊരു കോളമിസ്റ്റായ അവി അഷ്‌കെനാസിയും കുറ്റപ്പെടുത്തി.

അമേരിക്കയുമായി നടക്കുന്ന ചർച്ചകളിൽ യാതൊരുവിധ സ്വാധീനവും ചെലുത്താൻ കഴിയാത്തത് ഇസ്രായേൽ ഭരണകൂടത്തെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടെന്ന് ‘വൈനെറ്റ്’ വാർത്താ പോർട്ടലും റിപ്പോർട്ട് ചെയ്തു. നിലവിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത് അതീവ അപകടകരവും ‘മോശവുമായ ഒരു കരാർ’ ആണെന്ന് ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ വൈനെറ്റിനോട് സമ്മതിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയെയും മിഡിൽ ഈസ്റ്റിനെയും ഒരേപോലെ നിയന്ത്രിക്കാൻ പോന്ന തന്ത്രപരമായ സമ്മർദ്ദ തന്ത്രങ്ങളുമായാണ് ഇറാൻ ചർച്ചകളിൽ പങ്കെടുത്തതെന്ന് ‘ഹാറെറ്റ്സ്’ പത്രത്തിൽ എഴുതിയ ലേഖനത്തിൽ സിവി ബറെൽ നിരീക്ഷിച്ചു. ഇത് അമേരിക്കയെ ഒരു ദീർഘകാല തന്ത്രത്തിന് മുതിരാതെ താൽക്കാലിക പരിഹാരങ്ങൾക്ക് നിർബന്ധിതരാക്കുകയായിരുന്നു. നിലനിൽപ്പിനായുള്ള പോരാട്ടങ്ങൾക്കപ്പുറം ഇറാൻ വീണ്ടും മേഖലയിലെ ശക്തമായ ഒരു പ്രാദേശിക ശക്തിയായി ഈ കരാറിലൂടെ മാറുമെന്നാണ് ഇസ്രായേലി മാധ്യമങ്ങൾ ആശങ്കപ്പെടുന്നത്.

More Stories from this section

family-dental
witywide